സർ ഡേവിഡ് അറ്റൻബറോയുടെ പ്രകൃതി വർണ്ണനകളിലെ മാനുഷിക ദർശനം
| ഡേവിഡ് അറ്റൻബറോ |
സർ ഡേവിഡ് അറ്റൻബറോയുടെ നൂറാം ജന്മദിനം ആചരിക്കുവാനായി ലോകം ഒരുങ്ങുമ്പോൾ, നമ്മൾ അനുസ്മരിക്കുന്നത് ഒരു വ്യക്തിയെ മാത്രമല്ല — അദ്ദേഹം മുന്നോട്ടുവച്ച ജീവിതദർശനത്തെയും, ഒപ്പം, ഭൂമിയുടെ നിശ്ശബ്ദമായ വിളികൾ കേൾക്കാൻ മനുഷ്യനെ പഠിപ്പിച്ച കരുണാർദ്രമായ ആ ശബ്ദത്തെയുമാണ് .
സർ അറ്റൻബറോ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഒരു പാലമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. — അത്ഭുതത്തോടും വിനയത്തോടും അടിയന്തരബോധത്തോടും (Sense of urgency) കൂടെ ജീവന്റെ സൂക്ഷ്മതത്വങ്ങൾ കോടാനുകോടി മനുഷ്യർക്ക് ലളിതമായ ഭാഷയിൽ വെളിവാക്കിയ ഒരാളെ അങ്ങിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.
1926-ൽ ലണ്ടനിലെ ഐൽസ്വർത്തിൽ ജനിച്ച ഡേവിഡ് അറ്റൻബറോ, തന്റെ ബാല്യകാലം ചെലവഴിച്ചത് ലീസസ്റ്റർ സർവകലാശാലയുടെ ഹരിതാഭമായ ക്യാമ്പസിലായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അവിടുത്തെ പ്രിൻസിപ്പലായിരുന്നു. ഇംഗ്ലീഷ് ഗ്രാമപ്രദേശങ്ങളുടെ സജീവമായ പ്രകൃതി, അദ്ദേഹത്തിന്റെ കൗതുകത്തെ അനന്തമായി ഉണർത്തി എന്ന് അദ്ദേഹം തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ ഡേവിഡ് ഫോസിലുകളും പക്ഷിമുട്ടകളും പാറകളും ശേഖരിക്കാറുണ്ടായിരുന്നു — ഭാവിയിൽ ലോകത്തോട് പറയാൻ പോകുന്ന മഹത്തായ ഒരു കഥയുടെ എപ്പിസോഡുകൾ പോലെ!! . ബാല്യത്തിലെ ആ ലളിതമായ കൗതുകം പിന്നീട് ജീവിതമൊട്ടുക്കുള്ള അന്വേഷണമായി വളർന്നു — ജീവന്റെ അതിസൂക്ഷ്മസൗന്ദര്യം തിരിച്ചറിയാനും സംരക്ഷിക്കാനുമുള്ള സുദീർഘമായൊരു യാത്രയായി അത് മാറി .
ബാല്യം പിന്നിടുന്നതിനു മുൻപേ ഡേവിഡ് തന്റെ ചെറിയ ഫോസിൽ ശേഖരങ്ങളുടെ എക്സിബിഷൻ നടത്തിയിരുന്നു. ഒരിക്കൽ, അതിൽനിന്നും ഒരു ഫോസിൽ ഒരു യുവതി വാങ്ങിക്കൊണ്ടുപോയി. അന്ന് ആ ഫോസിൽ വാങ്ങിയ പെൺകുട്ടിയെ പിന്നീടൊരിക്കൽ ഡേവിഡിന് അവൾ തന്നെ പരിചയപ്പെടുത്തി. ‘എ ലാൻഡ്’ (A Land) എന്ന പ്രശസ്തമായ ഗ്രന്ഥമെഴുതിയ ജാക്വെറ്റ ഹോക്സ് എന്ന പ്രശസ്ത പുരാവസ്തുശാസ്ത്രജ്ഞയായിരുന്നു അവൾ. ബ്രിട്ടന്റെ ഭൂമിശാസ്ത്രപരമായ രൂപീകരണങ്ങൾ മുതൽ ആധുനിക കാലഘട്ടം വരെ, ഭൂമിയും മനുഷ്യനും ചേർന്ന് എങ്ങനെ പരിണമിച്ചുവെന്നത് ഹൃദയസ്പർശിയായ ശൈലിയിൽ അവതരിപ്പിച്ച ജാക്വെറ്റ ഹോക്സ് അന്ന് ലോകപ്രശസ്തയാ യിരുന്നു.
പ്രകൃതിയോടുള്ള സ്നേഹത്തിന് പുറമെ, കഥകളോടും ദൃശ്യങ്ങളോടും അദ്ദേഹത്തിന് വലിയ താത്പര്യം ഉണ്ടായിരുന്നു. ബാല്യത്തിൽ തന്നെ പ്രകൃതിയിൽ നിന്നു കണ്ടെടുത്ത സംഭവങ്ങളെ കഥകളാക്കി അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രകൃതിശാസ്ത്രം പഠിച്ചെങ്കിലും, ദൃശ്യകലയും കമ്മ്യൂണിക്കേഷനും അദ്ദേഹത്തെ സമാനമായി ആകർഷിച്ചു.
1936 ൽ ബിബിസി സ്റ്റേഷൻ തുടങ്ങിയെങ്കിലും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് അത് സജീവമായ സാന്നിധ്യമായി മാറിയത്. അമ്പതുകളിൽ ബ്രിട്ടനിൽ ടെലിവിഷൻ എന്നത് പുതിയ ഒരു പരീക്ഷണമായിരുന്നു — അതിനോട് ആകർഷിതനായി അറ്റൻബറോ ആ ലോകത്തിലേക്ക് കടന്നു. എന്നാൽ തന്റെ ആദ്യ അപേക്ഷ ബിബിസി നിരസിക്കുകയും അദ്ദേഹം പഠനം തുടരുകയും ചെയ്തു . പിന്നീട് 1952 ൽ ബിബിസിയുടെ നാച്ചുറൽ ഹിസ്റ്ററി യൂണിറ്റിൽ ട്രെയിനീ പ്രൊഡ്യൂസർ ആയി ജോലിയിൽ പ്രവേശിച്ചു.
1954 ൽ ബിബിസിയുടെ 'സൂ ക്യുസ്റ്' പ്രോഗ്രാമിന്റെ പ്രൊഡ്യൂസർ ആയി തന്റെ ആദ്യ സാഹസിക യാത്ര ആരംഭിച്ചു.— Zoo Quest എന്ന പരിപാടിക്കായി സിയറ ലിയോൺ (West Africa), ഗയാന തുടങ്ങിയ വിദൂര പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ആയിരുന്നു അവ. അതുവരെ കാണാത്ത പ്രകൃതി വിസ്മയങ്ങൾ ആദ്യമായി ടെലിവിഷനിലൂടെ ലോകത്തിനു മുന്നിൽ വെച്ചു. അതിലൂടെ അദ്ദേഹം ശാസ്ത്രീയ നിരീക്ഷണവും, സാഹസികതയും, അനുകമ്പയും ചേർത്തുകൊണ്ടുള്ള പുതിയൊരു ആഖ്യാനശൈലി ഡോക്യൂമെന്ററി നിർമാണത്തിൽ സന്നിവേശിപ്പിച്ചു — അത് തന്നെയാണ് പിന്നീട് Attenborough style എന്നറിയപ്പെട്ടതും
1965 ൽ ബിബിസി II ചാനെൽ രൂപീകൃതമായപ്പോൾ സർ ഡേവിഡ് അതിന്റെ അമരത്തെത്തി. ചാനെൽ II വിലൂടെ ശാസ്ത്രപരിപാടികൾ, സിവിലൈസഷൻ എന്ന ചരിത്രപരമ്പര, മോണ്ടി പൈത്തൺ എന്ന സർക്കസ് സീരീസ്, തുടങ്ങി നിരവധി പുത്തൻ പ്രോഗ്രാമുകൾ ആവിഷ്കരിച്ചു. ഒപ്പം കളർ ബ്രോഡ്കാസ്റ്റിംഗ് ആരംഭിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്.
ബിബിസിയുടെ കൺട്രോളർ, കമ്മിഷണർ എന്നീ പദവികളിലിരുന്നു നിരവധി പ്രോഗ്രാമുകൾ ലോകത്തിനു സമ്മാനിച്ചെങ്കിലും ഭൂമിയോടും പ്രകൃതിയോടുമുള്ള തന്റെ അഭിനിവേശം ശമിപ്പിക്കാൻ ആ പദവികൾക്കു ആവില്ലെന്ന് അദ്ദേഹം മനസ്സിലാക്കി.
തുടർന്ന് 1973-ൽ അദ്ദേഹം ഭരണപദവി ഒഴിഞ്ഞ്, തന്റെ പ്രിയ ലോകത്തിലേക്ക് തിരിച്ചെത്തി — പ്രകൃതിയുടെ പ്രഭാവങ്ങളെ പകർത്താൻ. നിശ്ശബ്ദമായ കാടുകളുടെ നെടുവീർപ്പിലും, ഇലകളുടെ താളത്തിലും, പുലരിയുടെ മഞ്ഞുതുള്ളികളിൽനിന്നും വരെ, സ്വാംശീകരിച്ചെടുത്ത പ്രകൃതിയുടെ സന്ദേശങ്ങൾ ലോകത്തോട് പറയാനായിരുന്നു പിന്നീടുള്ള യാത്രകൾ.
1979-ൽ പുറത്തിറങ്ങിയ Life on Earth എന്ന ഡോക്യുമെന്ററി പരമ്പര അദ്ദേഹത്തെ ആഗോള തലത്തിൽ പ്രശസ്തനാക്കി. അനേകകോടി പ്രേക്ഷകർ കണ്ട ഈ പരമ്പര പ്രകൃതിയോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടിൽ മാറ്റം വരുത്തി. ഭൂമിയിലെ ഓരോ ജീവജാലവും വെറും കാഴ്ചകൾ മാത്രമല്ലെന്നും ബന്ധുവും, സഹയാത്രികരുമാണെന്നും, സാധാരണക്കാരിൽവരെ തിരിച്ചറിവുണ്ടാക്കാൻ ലൈഫ് ഓൺ എർത്തിനു കഴിഞ്ഞു .“Life on Earth” മുതൽ “Our Planet” വരെ — അദ്ദേഹം കാണിച്ചു തന്നത് ദൃശ്യങ്ങളല്ല, ജീവന്റെ അത്ഭുതം തന്നെയായിരുന്നു. ഇതോടെ അറ്റൻബറോയുടെ ശബ്ദം, ഭൂമിയുടെ ശബ്ദമായി മാറി.
1984–1990 കാലഘട്ടം അദ്ദേഹത്തിന്റെ “Life Series” ന്റെ വിപുലീകരണ കാലമായിരുന്നു “The Living Planet” മുതൽ “The Trials of Life” വരെ, വിവിധ ഭൗതീക പരിസ്ഥിതികളിലെ ജീവജാലങ്ങളുടെ പരിണാമസ്വഭാവവും, വർഗ്ഗ സ്വഭാവവും, വ്യക്തിഗത വ്യതിയാനങ്ങളും ആഴത്തിൽ അവതരിപ്പിച്ചു. ഇതോടെ ശാസ്ത്രത്തിനും കാവ്യത്തിനും ഇടയിലെ ഒരു പാലമായി സർ ഡേവിഡിന്റെ വിവരങ്ങളെ വിശേഷിപ്പിക്കാൻ തുടങ്ങി.
2001 ൽ ഭൂമിയുടെ നിത്യവിസ്മയങ്ങളിൽ ഒന്നായ സമുദ്രങ്ങളുടെ മറ നീക്കി മറ്റൊരു ലോകത്തെ സാധാരണക്കാരിലേക്ക് എത്തിക്കുകയായിരുന്നു, The Blue Planet വഴി അദ്ദേഹം ചെയ്തത്. സമുദ്രത്തിന്റെ അഗാധതയെ ലോകത്തിന് തുറന്നുകാട്ടി. മനുഷ്യൻ അപൂർവമായി കണ്ടിരുന്ന ജലജീവലോകം അവിസ്മരണീയ ദൃശ്യങ്ങളായി മാറി. സമുദ്രസംരക്ഷണബോധം വളർത്തിയതിൽ ഈ പരമ്പരക്ക് അതുല്യപ്രാധാന്യം ലഭിക്കുകയും ചെയ്തു..
2006 – ൽ ഹൈഡെഫിനിഷൻ ചിത്രീകരണത്തിലൂടെ പ്രകൃതിദൃശ്യങ്ങളുടെ അദ്ഭുതം മനുഷ്യനിലേക്കെത്തിക്കാൻ "Planet Earth” എന്ന പരമ്പരയിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു.
2016 – “Planet Earth II” പുറത്തുവന്നു. ഇതിൽ ഉപയോഗിച്ച പുത്തൻ സാങ്കേതികതയും സംഗീതവും പുതിയ തലമുറയെ പ്രകൃതിയിലേക്കു അടുപ്പിക്കാൻ ഏറെ ഉപകരിക്കുകയുണ്ടായി. — ഭൂമിയെ സംരക്ഷിക്കുക മനുഷ്യന്റെ കടമയാണന്ന ബോധം വളരാൻ തുടങ്ങി.
2019 – Netflix സഹകരണത്തോടെ പുറത്തിറങ്ങിയ Our Planet അദ്ദേഹത്തിന്റെ ശബ്ദം പ്രകൃതിയുടെ ശബ്ദമായി ഡിജിറ്റൽ തലമുറയിലേക്കെത്തിച്ചു. അതേസമയം, ഐക്യരാഷ്ട്രസഭയിൽ കാലാവസ്ഥാ പ്രതിസന്ധിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം അവിസ്മരണീയവും ചിന്തനീയവുമായി നിലകൊള്ളുന്നു.
2020 ലെ – “A Life on Our Planet” എന്ന ചിത്രം അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യമായിരുന്നു — ഭാഗികമായി ആത്മകഥയും ഭാഗികമായി മനുഷ്യകുലത്തിനുള്ള മുന്നറിയിപ്പും ഇതിലുണ്ട്.
“ഇത് എന്റെ സാക്ഷ്യപത്രമാണ് — ഞാൻ കണ്ട ഭൂമിയുടെ അവസ്ഥ.” മനുഷ്യൻ പ്രകൃതിയിൽ വരുത്തിയ നാശങ്ങളുടെ ദൃശ്യസാക്ഷ്യമായി അദ്ദേഹം ഈ ചിത്രത്തിലൂടെ തന്റെ “witness statement” അവതരിപ്പിക്കുന്നു. അതോടൊപ്പം ലോകത്തെ നശിപ്പിക്കുവാനും സംരക്ഷിക്കുവാനും കഴിവുള്ള ഒരേയൊരു സ്പീഷീസ് എന്ന നിലയിൽ വരുംതലമുറ ഈ നാശങ്ങളിൽ നിന്നും ലോകത്തെ രക്ഷിക്കുമെന്ന ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു പ്രകൃതിശാസ്ത്രജ്ഞനായിട്ടുള്ള തന്റെ 94 വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ സത്യം ഈ ചിത്രത്തിലൂടെ ലോകത്തിനു പങ്കുവെക്കുകയായിരുന്നു.
2022 ൽ ബ്രിട്ടീഷ് പരമോന്നത ബഹുമതിയായ Knight Grand Cross (GCB) ന് അർഹനായി. പ്രക്ഷേപണത്തിലും പ്രകൃതിസംരക്ഷണത്തിലും നൽകിയ അതുല്യ സേവനങ്ങൾക്കാണ് ഈ രാജകീയ ബഹുമതി ലഭിച്ചത്.
2025 ലും നൂറാം വയസിന്റെ ഭാരമില്ലാതെ, അറ്റൻബറോ പ്രകൃതിയെക്കുറിച്ച് സംസാരിക്കുന്നു — ശബ്ദത്തിൽ പ്രൗഢിയില്ല, പക്ഷേ വിനയത്തിന്റെ താളമുണ്ട്. അദ്ദേഹം തന്റെ നൂറാം ജന്മവാർഷികത്തിലേക്ക് നീങ്ങുമ്പോൾ, ലോകം അദ്ദേഹത്തെ ഓർക്കുന്നത് ഒരു വ്യക്തിയായിട്ടല്ല, ഒരു ബോധചലനമായിട്ടാണ്.
പ്രകൃതിയെ വെറും വിഷയമായിട്ടല്ലാതെ ജീവിതാനുഭവമായി കാണുന്ന സമീപനമാണ്, മറ്റുള്ളവരിൽ നിന്നും സർ ഡേവിഡ് അറ്റൻബറോയെ വേറിട്ടുനിർത്തുന്നത്. ഒരു പ്രകൃതിശാസ്ത്രജ്ഞൻ അല്ലെങ്കിൽ ജീവ ശാസ്ത്രജ്ഞൻ ലാബ് പരീക്ഷണങ്ങളിലൂടെ ജീവലോകത്തെ കണ്ടെത്തുമ്പോൾ ഒരു Natuaralist അഥവാ പ്രകൃതി നിരീക്ഷകൻ തന്റെ നിരീക്ഷണങ്ങളിലൂടെയാണ് പ്രകൃതിതത്വങ്ങളെ തിരിച്ചറിഞ്ഞു ആവിഷ്കരിക്കുന്നത്. ഈ വ്യത്യാസം സർ ഡേവിഡിന്റെ സമീപനത്തിൽ കാണാനാവും. പ്രകൃതിയെ നിരീക്ഷിച്ചു പഠിക്കുന്ന ഒരാൾക്ക് അതിലെ അംഗങ്ങളുമായി ആത്മബന്ധം സ്ഥാപിക്കേണ്ടിവരുന്നു. ഇത് ജന്മസിദ്ധമായൊരു അനുഗ്രഹംപോലെ അയാളിൽ നിറയുന്നു. ഈ ലോകം എന്നിൽനിന്നും അന്യമല്ലെന്നും, ഒരു ജീവജാലവും മറ്റൊന്നിനു മുകളിലോ താഴെയോ അല്ലെന്നും പ്രകൃതിയുടെ നീതിയും നിയമവും മനുഷ്യന്റെ ധാരണകൾക്ക് ഉള്ളിൽ നിൽക്കുന്നതല്ലെന്നും അയാൾ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ താൻ നിരീക്ഷിക്കുന്ന ഓരോ ജീവജാലത്തെയും ഒരു സഹജീവിയായി കാണുവാനും, പ്രകൃതിയിൽ അവയുടെ സ്ഥാനം എന്തെന്ന് തിരിച്ചറിയുവാനും അവനു കഴിയുന്നു. ഈ ആത്മസത്ത സർ ഡേവിഡിന്റെ വിവരണങ്ങളിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നുണ്ട് .
പരമ്പരാഗത പ്രകൃതി ഗവേഷകർ പലപ്പോഴും ശാസ്ത്രീയ രേഖപ്പെടുത്തലിൽ മാത്രം കേന്ദ്രീകരിച്ചപ്പോൾ, അറ്റൻബറോ പ്രകൃതിയെയും മനുഷ്യഹൃദയത്തെയും തമ്മിൽ ബന്ധിപ്പിച്ചു എന്ന വലിയ വ്യത്യാസമുണ്ട്. അദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾ ശാസ്ത്രീയവിവരങ്ങളുടെ പ്രദർശനമല്ല, മറിച്ച് ജീവന്റെ കഥകൾ ആണ് — നിശബ്ദമായൊരു വനമേലാപ്പിലെ ചലനത്തിൽ നിന്ന് കടലിന്റെ അടിത്തട്ടിലെ ജീവികളുടെ സഹവാസംവരെ, മനുഷ്യബോധത്തിൽ സ്പർശിക്കുന്ന രീതിയിൽ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിയുന്നു. അദ്ദേഹം ആവിഷ്കരിച്ച ദൃശ്യഭാഷ കൃത്രിമതയില്ലാത്തതും, പ്രേക്ഷകനെ പങ്കാളിയാക്കുന്നതുമായിരുന്നു. ടെലിവിഷൻ ക്യാമറയെ ശാസ്ത്രീയ ഉപകരണമല്ല, പ്രകൃതിയിലേക്കു തുറക്കുന്ന ഒരു ജാലകമായി ഉപയോഗിച്ചു എന്നതാണ് സർ ഡേവിഡിന്റെ ഏറ്റവും വലിയ നേട്ടം. മറ്റുള്ളവർ പ്രകൃതിയെ കാണിച്ചു കൊടുത്തപ്പോൾ, അറ്റൻബറോ നമ്മെ പ്രകൃതിയിലേക്കു കൈപിടിച്ച് കൂട്ടികൊണ്ടു പോയി. അവന്റെ ശബ്ദത്തിൽ ശാസ്ത്രത്തിന്റെ വ്യക്തതയും, എഴുത്തിന്റെ കാവ്യഭംഗിയും ഒരു പ്രവാചകന്റെ കരുണയും ഒത്തുചേർന്നിരുന്നു. അതിനാലാണ് ലോകം അദ്ദേഹത്തെ നേരറിവിന്റെ ശാസ്ത്രജ്ഞനും, കരുണയുടെ ദൂതനും എന്ന് വിളിക്കുന്നത്.
| ഡേവിഡ് അറ്റൻബറോ |
ലോകം ഡേവിഡ് അറ്റൻബറോയ്ക്കു കടപ്പെട്ടിരിക്കുന്നു എന്നാണ് എന്റെ വിശ്വാസം. വിഘടനത്തിന്റെയും വിഹ്വലതകളുടെയും കാലഘട്ടത്തിൽ, അന്യവത്കരിക്കപ്പെട്ട പ്രകൃതിയെ, ഭൂമിയെ വീണ്ടും കേൾക്കാൻ മനുഷ്യനെ അദ്ദേഹം പഠിപ്പിച്ചു — തിമിംഗലത്തിന്റെ വിളിയെയും, കാടിന്റെ മർമ്മരവും, ഉരുകുന്ന ഹിമത്തിന്റെ നിശ്ശബ്ദതയെയും അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ നാം തിരിച്ചറിയുന്നു. പ്രകൃതി നമ്മിൽനിന്നും വേറിട്ടൊരു ലോകമല്ല, അത് നമ്മൾ തന്നെയാണെന്ന സത്യം നമ്മെ ബോധിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു കൊണ്ടേയിരുന്നു.
ഭാവിയിലെ പ്രകൃതിശാസ്ത്രജ്ഞർ ഡേവിഡ് അറ്റൻബറോയുടെ സംഭാവനയെ സംരക്ഷിക്കേണ്ടത്, അദ്ദേഹത്തിന്റെ ശബ്ദത്തെയും ചലനത്തെയും അനുകരിച്ചുകൊണ്ടാവരുത് — അദ്ദേഹത്തിന്റെ ആത്മനിർഭരതയെ ഉൾക്കൊണ്ടു കൊണ്ടാവണം. അറ്റൻബറോ നമ്മെ പഠിപ്പിച്ചത്, നിരീക്ഷണം മാത്രമല്ല, അതിനൊപ്പം കരുണയും അനുഭൂതിയും വേണമെന്നാണ്.
പ്രകൃതിയെ പഠിക്കുന്നത് അതിന്റെ ഹൃദയമിടിപ്പു കേൾക്കുന്നതിലൂടെയാവണം. ഓരോ ജീവിയെയും കൗതുകത്തോടെ മാത്രം കാണാതെ, ആദരവോടെ കാണാൻ പഠിക്കണം. സാങ്കേതികവിദ്യയെ പ്രകൃതിയെ ചൂഷണം ചെയ്യാനല്ല, മനുഷ്യനെ അതിനോട് അടുപ്പിക്കാൻവേണ്ടി ഉപയോഗിക്കണം .
പ്രകൃതിയെക്കുറിച്ച് സംസാരിക്കുന്നതു മറ്റുള്ളവരുടെ പ്രീതിക്കാവരുത്, അവരെ ഉണർത്താനാവണം .
അറ്റൻബറോയുടെ യഥാർത്ഥസംഭാവന അദേഹം പകർത്തിയ പ്രകൃതിയിലെ ചിത്രങ്ങൾ അല്ല, അവയെ അദ്ദേഹം കാണുന്ന രീതിയാണ്. ഒരു ഇലയുടെ നിശ്ശബ്ദതാളം കേൾക്കുന്ന ഓരോ പ്രകൃതി പഠിതാവും, ആ ദർശനം തുടരണം. വിനയത്തിന്റെയും കൗതുകത്തിന്റെയും കരുണയുടെയും നോട്ടം — അതാവണം സർ ഡേവിഡ് അറ്റൻബറോയിൽ നിന്നും ഓരോ മനുഷ്യനും ഉൾക്കൊള്ളേണ്ടത്.
ഇതൊക്കെയാണ് ഒരു പ്രകൃതി പഠിതാവ് എന്ന നിലയിൽ അദ്ദേഹത്തിൽനിന്നും എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞത്.
ബെന്നി കുറിയൻ
![]() |
| ബെന്നി കുറിയൻ |
ബെന്നി കുറിയൻ — പശ്ചിമ ഘട്ടത്തിലും ദക്ഷിണേന്ത്യയിലുമായി ഇരുപത് വർഷത്തിലേറെയായി പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗവേഷകനും പരിശീലകനുമാണ്. 1999 മുതൽ പശ്ചിമ ഘട്ടത്തിലെ
അന്താരാഷ്ട്ര പഠന ഗ്രൂപ്പുകൾക്കായി പ്രകൃതി–പുരാവസ്തു പഠന യാത്രകൾ നടത്തി വരുന്നു. IGNCAയുടെ ശിലാചിത്ര പഠന പാനലിൽ വിദഗ്ധനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊങ്കൺ ജിയോഗ്ലിഫ് ( geoglyph) പഠനങ്ങളിലും, ജീവവൈവിധ്യവും പുരാവസ്തുശാസ്ത്രവും സംബന്ധിച്ച വിവിധ സ്ഥാപനങ്ങൾക്ക് പരിശീലനം നൽകുന്നതിനും അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു.
അദ്ദേഹത്തിൻ്റെ രണ്ട് പ്രധാന സംഭാവനകൾ: മറയൂർ ഗ്രാമപഞ്ചായത്തിന്റെ പുരാവസ്തു സർവേ തയ്യാറാക്കിയത്, ആനമലൈ താഴ്വരയിൽ അതുവരെ രേഖപ്പെടുത്തപ്പെടുത്താത്ത ആറു പുതിയ ശിലാചിത്ര കേന്ദ്രങ്ങൾ കണ്ടെത്തിയത്. അനമലൈ മലപ്പാതത്തിലെ പാം സിവറ്റിന്റെ (palm civet) ഒരു പുതിയ വർഗ്ഗം അദ്ദേഹം രേഖപ്പെടുത്തി. 2023-ൽ വന്യജീവി വ്യാഖ്യാന–വൈവിധ്യ ശ്രേണിയിൽ TOF Tigers “മികച്ച നാച്ചുറലിസ്റ്റ് ഗൈഡ്” അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.
പ്രകൃതിയിലെ ജീവവൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബെന്നി രണ്ട് ബാലസാഹിത്യകൃതികൾ രചിച്ചിട്ടുണ്ട്. ഇങ്കിനെയും ചില കൂട്ടുകാർ (2008), പശ്ചിമഘട്ടത്തിന്റെ ജൈവ വൈവിധ്യം (2008) എന്നീ രണ്ട് പുസ്തകങ്ങളും ഡി.സി. ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.
Benny is a naturalist, archaeologist, and educator with over two decades of work across the Western Ghats and peninsular India. He has authored three books, including two children’s titles on biodiversity and a mytho-surrealist novella. His archaeological work includes compiling the Marayur Grama Panchayat Survey and discovering six undocumented rock art sites in the Anamalai Valley. He also reported a possible geographic race of the palm civet from the leeward Anamalais.
Benny’s research spans rock art, ethno-archaeology, cultural landscapes, and conservation-focused tourism.Since 1999, he has led natural history study tours for international groups across the Western Ghats. He received the TOFTigers Best Naturalist Guide Award in 2023 for excellence in wildlife interpretation. Benny has served on the IGNCA Rock Art Studies Panel (Kerala). He is an Executive Committee Member and South India Expert of the Rock Art Society of India. He also contributes to Konkan geoglyph studies and trains EDCs and tourism institutions in biodiversity and natural history.
![]() |
| பென்னி குரியன் |

