ചരിത്ര ഗവേഷകന്‍ കുഡവായില്‍ പാലസുബ്രമണിയന്‍റെ 'കുടമുഴാ' എന്ന ഗവേഷണ ഗ്രന്ഥത്തെക്കുറിച്ച് ഒരു ചെറിയ ആമുഖം
കുടമുഴാ എന്ന സംഗീതോപകരണത്തെക്കുറിച്ച് തമിഴിൽ ഒരു ഗവേഷണഗ്രന്ഥം എഴുതപ്പെട്ടിട്ടുണ്ട്. കുടമുഴയെ പഞ്ചമുഖ വാദ്യം എന്നും വിളിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ രചയിതാവ് ഗവേഷകനായ കുടവായിൽ ബാലസുബ്രഹ്മണ്യൻ ആണ്. ബാലസുബ്രഹ്മണ്യൻ ദീർഘകാലമായി ചരിത്രഗവേഷണങ്ങളിൽ ഏർപ്പെട്ടുവരുന്ന വ്യക്തിയാണ്. പ്രത്യേകിച്ച് ചോഴരുടെ മഹാക്ഷേത്രങ്ങളെക്കുറിച്ചും ശൈവ ഭക്തിസാഹിത്യമായ തേവാരം സംബന്ധിച്ചും അദ്ദേഹം രചിച്ച ഗ്രന്ഥങ്ങൾ വളരെ പ്രാധാന്യമുള്ളവയാണ്. ശുദ്ധമായ ഗവേഷണോപകരണങ്ങളെ മാത്രം മുൻനിർത്താതെ, പുരാവസ്തു അവശിഷ്ടങ്ങളെ മാത്രം ചരിത്രപരമായ തെളിവുകളായ് കണക്കാക്കുന്ന, ഒരുതരം ശാഠ്യമായ ചരിത്ര ഗവേഷണ രീതിയില്‍ നിന്ന് മാറി അപൂർവഗ്രന്ഥങ്ങളെക്കൂടി പഠനവിഷയമാക്കുന്നതും, പരമ്പരാഗതമായ കാഴ്ചപ്പാടുകളെ വിലയിരുത്തന്ന നോക്കില്‍ സമീപിക്കുന്നതും അദ്ദേഹത്തിന്‍റെ ഗവേഷണശൈലി എന്ന് പറയാം.
കുടമുഴയെക്കുറിച്ചുള്ള ഈ പുസ്തകം, അവതാരിക ഉൾപ്പെടെ 18 ഭാഗങ്ങളായി എഴുതപ്പെട്ടിരിക്കുന്നു. തമിഴ് സാഹിത്യത്തിൽ എവിടെയെല്ലാം കുടമുഴയെ പരാമർശിച്ചിട്ടുണ്ടെന്ന അന്വേഷണത്തിലൂടെയാണ് ഗ്രന്ഥം ആരംഭിക്കുന്നത്. മുഴാ എന്ന പദത്തിന് പ്രാചീന തമിഴിൽ തണുപ്പ് എന്ന് അർത്ഥമുണ്ട്. കാലക്രമേണ ‘മുഴ’ എന്ന ധാതുരൂപത്തില്‍ നിന്ന് ഉണ്ടായ മുഴക്കം, മുഴങ്ങൽ എന്നീ പദങ്ങൾ ശബ്ദം ഉയർത്തുക എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്; ഇത് മനുഷ്യശബ്ദത്തിനും സംഗീതോപകരണങ്ങൾക്കും ഒരുപോലെ ബാധകമാണ്. ഇന്നത്തെ ഉപയോഗത്തിൽ മുഴക്കം എന്നത് ഗംഭീരമായ ശബ്ദം എന്ന അർത്ഥം വഹിക്കുന്നു. എന്നാൽ അതിന്റെ മൂലാർത്ഥത്തിൽ അതേ പദം മധുരത്വം, ശീതളത എന്നിവയും സൂചിപ്പിക്കുന്നു. ഭാഷയിന്‍റെ ഈ സ്വഭാവത്തെ നിരീക്ഷിച്ചാല്‍ പദവും അർത്ഥവും തമ്മിൽ ഒളിച്ചുകളിക്കുന്നു എന്ന് തോന്നിപ്പോകും.
സംഗകാല സാഹിത്യത്തിൽ മുഴവ് എന്ന പേരിലുള്ള വാദ്യം പല പാട്ടുകളിലും പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ മുഴവ് എന്നത് തോലുപകരണമായ, താളവാദ്യമായാണ് വരുന്നത്. മുരുകൻ ആരാധനയിൽ മുഴവ് വായിച്ചിരുന്നു എന്നും, കൂത്തർ എന്ന കലാകാരന്മാർ യാഴ്, തടാരി തുടങ്ങിയ വാദ്യങ്ങളോടൊപ്പം മുഴവെയും ഉപയോഗിച്ചിരുന്നുവെന്നും സംഗസാഹിത്യഗ്രന്ഥങ്ങൾ പറയുന്നു.
ആദ്യകാല മുഴവ് ഏകദേശം ചക്കപ്പഴത്തിന്റെ രൂപത്തിലായായിരുന്നു, അല്ലെങ്കിൽ കരിമ്പന മരത്തിന്‍റെ തണ്ട് പോലെയായിരുന്നു എന്ന ഉപമകൾ സംഗകവിതകളിൽ കാണാം. സംഗകാലത്തെ മുഴവ് ഒരാൾക്ക് കൈയിൽ എടുത്ത് കൊണ്ടുപോകാവുന്ന വലിപ്പമുള്ള, ഒരുമുഖ തോൽവാദ്യമായിരുന്നു എന്നും, മേൽമുഖം മുകളിലോട്ടായിരുന്നു എന്നും കൽപ്പിക്കാം. മുരശ് പോലുള്ള വാദ്യങ്ങൾ ഉത്സവങ്ങളിലും യുദ്ധങ്ങളിലും ഉച്ചത്തിലുള്ള ശബ്ദം ഉയർത്തിയപ്പോൾ, മുഴവ് പ്രധാനമായും ദൃശ്യകലകളിൽ (performing arts) മധുരസംഗീതം നൽകുന്ന വാദ്യമായിരുന്നു എന്ന ലളിതമായ താരതമ്യം ഇവിടെ ഉചിതമാണ്.
സംഗകാലത്തിനു ശേഷം കാവ്യകാലഘട്ടത്തിൽ, വേദികളിൽ മുഴവ് വായിക്കപ്പെട്ടതായി ചിലപ്പതികാരം, നാഗകുമാരകാവ്യം തുടങ്ങിയ മഹാകാവ്യങ്ങൾ സൂചിപ്പിക്കുന്നു. ഈ കാലത്ത് മുഴവ് വേദിയില്‍ അവതരിക്കപ്പെടുന്ന നൃത്ത രൂപങ്ങൾക്ക് അനുബന്ധവാദ്യമായി മാറിയതായി മനസ്സിലാക്കാം. ഇതുവരെ സാഹിത്യത്തിൽ മുഴവ് എന്ന പദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭക്തിസാഹിത്യഘട്ടത്തിലേക്ക് കടക്കുമ്പോൾ, മുഴവ് ‘കുടമുഴ’ എന്ന സംഗീത ഉപകരണമായ് രൂപാന്തരം പ്രാപിക്കുന്നു.
തമിഴ് സാഹിത്യത്തിൽ കുടമുഴ എന്ന പദം ആദ്യം ഉപയോഗിച്ചത് കാരൈക്കാൽ അമ്മയാർ ആണെന്ന് രേഖപ്പെടുത്തപ്പെടുന്നു. അവർ ഭക്തി പ്രസ്ഥാനത്തിന്റെ ആദ്യകാല സന്യാസിനിയാണ്. ശൈവഭക്തിസാഹിത്യമായ തിരുമുറൈയുടെ ഭാഗമായ തിരുവാലങ്കാട്ടു പതികത്തിൽ, ആലങ്കാട്ടിലെ ശിവന്റെ നൃത്തസമയത്ത് മുഴങ്ങുന്ന വാദ്യങ്ങളിൽ ഒന്നായി കുടമുഴയെ അവർ പരാമർശിക്കുന്നു. ഈ പതികം ശൈവസാഹിത്യത്തിലെ ഏറ്റവും പുരാതന തിരുപ്പതികമായി കണക്കാക്കപ്പെടുന്നു. കാരൈക്കാൽ അമ്മയാരുടെ കാലം അഞ്ചാം നൂറ്റാണ്ടാണെന്ന് ഗവേഷകർ വിലയിരുത്തുന്നു.
തേവാരം പാടിയ മൂന്നു ശൈവ സന്യാസിമാരില്‍ തിരുജ്ഞാനസംബന്ധർ, അപ്പർ, സുന്ദരർ — മൂന്നു പേരും അവരുടെ ഗാനങ്ങളിൽ കുടമുഴയെ പരാമർശിക്കുന്നു. തേവാരഗാനങ്ങളിൽ ഏത് സാഹചര്യങ്ങളിലാണ് ഈ വാദ്യം പ്രത്യക്ഷപ്പെടുന്നത് എന്ന് ബാലസുബ്രഹ്മണ്യൻ വിശദമായ തെളിവുകളോടെ വിശദീകരിക്കുന്നു.
ഒന്നാമതായി, പല ക്ഷേത്രങ്ങളിലുമുള്ള ശിവന്റെ നൃത്തത്തിന് താളം നൽകുന്ന പ്രധാനവാദ്യമായി കുടമുഴയെ പറയുന്നു.
രണ്ടാമതായി, വെഞ്ചമാങ്കൂടൽ, വിരുത്താചലം, അൻപിൽ ആലന്തുറൈ എന്നീ ക്ഷേത്രങ്ങളിലെ നർത്തകികളുടെ നൃത്തത്തിനിടയിൽ മുഴവ് വായിച്ചിരുന്നതായി ഗാനങ്ങൾ സൂചിപ്പിക്കുന്നു.
മൂന്നാമതായി, ഈ വാദ്യം വായിച്ചവർ ആരായിരുന്നു എന്ന വിവരങ്ങൾ ഓരോ ഗാനത്തിലും വ്യത്യസ്തമായി കാണുന്നു. ഭൂതഗണങ്ങളും, പ്രേതങ്ങളും, നന്ദീശ്വരനും, ബാണാസുരനും ഈ വാദ്യം വായിച്ചതായി തേവാരം പറയുന്നു.
അഞ്ചാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെ പല തമിഴ് സാഹിത്യങ്ങളും കുടമുഴയെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ അവ പറയാത്ത ചില പ്രധാന വിവരങ്ങൾ കല്ലാടം എന്ന ഗ്രന്ഥം നൽകുന്നു. കല്ലാടം ശൈവഭക്തിസാഹിത്യത്തിൽ പെടുന്നതും അകത്തുറൈ ഗാനങ്ങൾ ഉൾക്കൊള്ളുന്നതുമായ കൃതിയാണ്. ഇതിൽ നിന്ന് മൂന്നു പ്രധാന വിവരങ്ങൾ ലഭിക്കുന്നു:
(1) കുടമുഴയ്ക്ക് അഞ്ച് മുഖങ്ങളുണ്ടായിരുന്നു.
(2) ദൈവനൃത്തത്തിൽ പ്രധാന താളവാദ്യമായി കുടമുഴ മുഴങ്ങുകയും, മറ്റ് താളവാദ്യങ്ങൾ അനുബന്ധമായി ഉപയോഗിക്കപ്പെടുകയും ചെയ്തു.
(3) ഈ വാദ്യം വായിക്കുന്ന ഒരു അസുരനെക്കുറിച്ചുള്ള പുരാണകഥ.
ത്രിപുരം ദഹിപ്പിച്ച ശേഷം, അവിടെയുള്ള മൂന്നു അസുരന്മാരുടെ അഹങ്കാരം അടക്കി, അവരിൽ രണ്ടുപേരെ ശിവൻ ദ്വാരപാലകരാക്കിയതായും, ശേഷിച്ച ഒരാളെ തന്റെ നൃത്തസമയത്ത് മുഴവ് വായിക്കുന്നവനാക്കിയതായുമാണ് ആ കഥ. കുടമുഴയുടെ രൂപത്തെയും, വായിക്കുന്നവനെക്കുറിച്ചുള്ള പുരാണകഥയെയും വിശദമായി നൽകുന്നതിനാൽ, കല്ലാടം ഈ വിഷയത്തിലെ പ്രധാന ഗ്രന്ഥമായി മാറുന്നു.
തുടര്‍ന്നു അരുണഗിരിനാഥരുടെ തിരുപ്പുകഴിൽ കുടമുഴയുടെ ജതി- ചൊല്കെട്ട് സംബന്ധിച്ച സംഗീതസൂചനകൾ ലഭിക്കുന്നു. ഇങ്ങനെ, തമിഴ് സാഹിത്യത്തിൽ കുടമുഴ എങ്ങനെ ഉദ്ഭവിക്കുകയും വളരുകയും ചെയ്തു എന്ന ചിത്രം ഈ ഭാഗത്തിൽ വിശദീകരിക്കപ്പെടുന്നു.
അതിനുശേഷം, ശില്പങ്ങളിൽ മുഴവ്–കുടമുഴ എങ്ങനെ രൂപകൽപ്പന ചെയ്തുവെന്നത് വിശദമാക്കുന്ന ഭാഗമുണ്ട്. ഇന്ത്യയിലുടനീളമുള്ള ശില്പങ്ങളും, തമിഴ്നാട്ടിലെ ശില്പങ്ങളും എന്നിങ്ങനെ ബാലസുബ്രഹ്മണ്യൻ ഇത് രണ്ടായി തിരിക്കുന്നു. അഞ്ചാം നൂറ്റാണ്ടിലെ വാകാടകരിൽ തുടങ്ങി, കിഴക്കൻ ഗംഗർ, രാഷ്ട്രകൂടർ, ഗുജരപ്രതിഹാരർ, ചാലൂക്യർ, നുളമ്പർ എന്നിവരുടെ ശില്പങ്ങളിൽ മുഴവ് എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നു.
തമിഴ്നാട്ടിൽ, പല്ലവ ശില്പങ്ങളിലും, പാണ്ഡ്യ, പ്രാചീന-ഇടക്കാല ചോഴരുടെ കല്ലുശില്പങ്ങളിലും മുഴവ് ഒരുമുഖമായിരുന്നുവെന്നും, പതിനൊന്നാം നൂറ്റാണ്ടോടെ അത് പഞ്ചമുഖ കുടമുഴയായി മാറുന്നതായി അദ്ദേഹം രേഖപ്പെടുത്തുന്നു. തുക്കാച്ചി, അച്ചുതമംഗലം, തില്ലൈ എതിരമ്പലം, കുടന്തൈ ശാരംഗപാണി ക്ഷേത്രം എന്നിവയാണ് ഉദാഹരണങ്ങൾ. ഇതിലൂടെ, തമിഴ്നാട്ടിൽ മാത്രം ഈ വാദ്യം 11–12 നൂറ്റാണ്ടുകളിൽ പഞ്ചമുഖ കുടമുഴയായി മാറിയതായി അദ്ദേഹം സ്ഥാപിക്കുന്നു.
കല്ലുശില്പങ്ങളെപ്പോലെ തന്നെ, ലോഹശില്പങ്ങളിലും മുഴവ് എങ്ങനെ രൂപപ്പെടുത്തിയെന്നത് അടുത്ത ഭാഗം വിശദീകരിക്കുന്നു. നടരാജ മൂർത്തിയുടെ കാലിന്‍ ചുവട്ടില്‍ അപസ്മാരന്റെ ഇരുവശത്തും ഭൂതഗണങ്ങൾ ഇരുന്ന് നൃത്തത്തിന് താളം പിടിക്കുന്നതായ് ലോഹശില്പങ്ങൾ നിര്‍മിക്കുന്ന പതിവുവുണ്ട്. ആരംഭകാല നടരാജ ലോഹപ്രതിമകളിൽ ഒരുമുഖ മുഴവുണ്ടായിരുന്നുവെന്നും, പതിനൊന്നാം നൂറ്റാണ്ടുമുതൽ പതിനേഴാം നൂറ്റാണ്ടുവരെ അത് പഞ്ചമുഖ കുടമുഴയായി മാറിയെന്നും പറയുന്നു. ഇവയിൽ, തില്ലൈ എതിരമ്പലത്തിലെ ബാണാസുരൻ കല്ലുശില്പവും, തിരുപ്പുങ്കൂർ നന്ദി ലോഹശില്പവും ഏറെ മനോഹരമാണെന്ന് ബാലസുബ്രമണ്യന്‍ അഭിപ്രായപ്പെടുന്നു. പഞ്ചമുഖ കുടമുഴകളിൽ മദ്ധ്യമുഖം ഒഴികെ മറ്റു നാല് മുഖങ്ങളുടെ ഘടനയിൽ കാണുന്ന വ്യത്യാസങ്ങളും ചിത്രങ്ങളോടെ വിശദീകരിച്ചിരിക്കുന്നു. തുടർന്ന്, ഈ പുസ്തകത്തില്‍ ചിത്രകലയിൽ മുഴവ് എങ്ങനെ വരച്ചിട്ടുണ്ടെന്നതിനെക്കുറിച്ച വിവരണങ്ങളുണ്ട്.പത്താം നൂറ്റാണ്ടിലെ തഞ്ചാവൂർ മഹാക്ഷേത്രത്തില്‍ (പെരിയകോവില്‍) ശാന്താരമുറിയിലെ മൂന്ന് ചിത്രങ്ങളിൽ മുഴവ് വായിക്കുന്നതിനെ കാണാം. രണ്ടിൽ ഒരുമുഖ മുഴവും, ഒന്നിൽ മൂന്നു മുഖമുള്ള മുഴവും വരച്ചിട്ടുണ്ട്. ഇത് ഒരുമുഖത്തിൽ നിന്ന് പഞ്ചമുഖത്തിലേക്കുള്ള വികാസകാലഘട്ടമായിരിക്കാമെന്ന് ബാലസുബ്രഹ്മണ്യൻ അഭിപ്രായപ്പെടുന്നു. പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ മറ്റു തമിഴ് ചിത്രങ്ങളിൽ എല്ലാം പഞ്ചമുഖ കുടമുഴകളാണ്. തിരുവാരൂർ ചിത്രത്തിൽ, കുടമുഴ വായിക്കുന്ന ഒരു വാദ്യകലാകാരനെയും കാണാം. ഇത് പഞ്ചമുഖ വാദ്യം യാഥാർത്ഥ്യത്തിൽ വായിക്കപ്പെട്ടതിന്റെ ദൃശ്യസാക്ഷ്യമാണ്. ചക്രങ്ങളുള്ള ചലിപ്പിക്കാവുന്ന ഫ്രൈമില്‍ വച്ച വാദ്യം നിൽക്കെയാണ് അദ്ദേഹം വായിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ, കേരളത്തിലെ ചുവർചിത്രങ്ങൾ പ്രത്യേക സ്ഥാനമാണ് നേടുന്നത്. പതിനാറാം മുതൽ പതിനെട്ടാം നൂറ്റാണ്ടുകൾക്കിടയിലാകാമെന്ന് കരുതപ്പെടുന്ന ഈ ചിത്രങ്ങളിൽ, ശിവനൃത്തത്തിന്റെ അനുബന്ധവാദ്യമായി ഇന്നും കൂടിയാട്ടത്തിൽ ഉപയോഗിക്കുന്ന ഒരുമുഖ മുഴവിനെ അതേപടി പ്രതിഫലിപ്പിച്ചിട്ടുണ്ടെന്ന് ബാലസുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടുന്നു. കേരള ചിത്രങ്ങളിൽ മുഴവ് വായിക്കുന്നത് എല്ലായിടത്തും വിഷ്ണുവാണ്‍. കേരളത്തിൽ ബാണാസുരനെക്കുറിച്ചുള്ള പുരാണങ്ങൾ ഉണ്ടായിരുന്നാലും, ചിത്രങ്ങളിൽ ബാണനെയോ നന്ദിയെയോ ഭൂതഗണങ്ങളെയോ കാണുന്നില്ല. ഇത് കേരള ചിത്രപരമ്പരയുടെ പ്രത്യേകതയായി കണക്കാക്കപ്പെടുന്നു.
തമിഴ്നാട്ടിലെ ശൈവക്ഷേത്രങ്ങളിൽ തിരുവാരൂർ അത്യന്തം പ്രധാനമാണ്. ഇവിടെ പഞ്ചമുഖ കുടമുഴ ത്യാഗരാജന്റെ സായരക്ഷാ പൂജയിൽ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും വായിക്കപ്പെടുന്നു. 244 സെ.മീ. ഉയരമുള്ള വെങ്കല വാർപ്പാണ് ഈ വാദ്യം. ശിവനെ രാജാവായി കണക്കാക്കുന്ന ഐതീഹ്യമുണ്ട്. പൂജയിൽ ചതുസ്ര ജതിയിൽ കുടമുഴ മുഴങ്ങുന്നു. ഷോഡശ ഉപചാരങ്ങളുടെ ഭാഗമായി, സദാശിവന്റെ അഞ്ചു മുഖങ്ങളായ സത്യോജാതം, വാമദേവം, തത്പുരുഷം, ഈശാനം, അഘോരം എന്നിവയ്ക്ക് പ്രത്യേകം ദീപം കാട്ടുമ്പോൾ, കുടമുഴ വ്യത്യസ്ത താളഭേദങ്ങളോടെ വായിക്കപ്പെടുന്നു.
ഇതിന് സമാനമായ മറ്റൊരു കുടമുഴ അടുത്തുള്ള തിരുത്തുറൈപ്പൂണ്ടി ശിവക്ഷേത്രത്തിലുമുണ്ട്, എന്നാൽ അത് വർഷത്തിൽ ഒരിക്കൽ മാത്രമാണ് വായിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ശാസനയിൽ, 2330 പലം (70.5 കിലോഗ്രാം) ഭാരമുള്ള ഈ വെങ്കല കുടമുഴ ചോഴ കോനാർ സമർപ്പിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വാദ്യം വായിക്കുന്നവരെ മുട്ടുക്കാരർ എന്നാണ് വിളിക്കുന്നത്. ബാലസുബ്രഹ്മണ്യൻ രേഖപ്പെടുത്തിയ മുതിർന്ന മുട്ടുക്കാരനായ ശങ്കരമൂർത്തിക്ക് 76 വയസ്സുണ്ട്. തിരുവാരൂർ ക്ഷേത്രത്തിൽ കുടമുഴയും ശുദ്ധമദ്ദളവും വായിക്കുന്നവരാണ് അദ്ദേഹം. മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യപരമ്പരയിൽപ്പെട്ടവരാണെന്ന വിശ്വാസവും ഇവർക്കുണ്ട്. ശങ്കരമൂർത്തിയ്ക്ക് ചില അപൂർവ താളിയോലകള്‍ ഉണ്ടായിരുന്നുവെന്നും, അവയിൽ “പാരശൈവ ഉദ്ഭവം – പഞ്ചമുഖ വാദ്യ ലക്ഷണം” എന്ന ഗ്രന്ഥം ബാലസുബ്രഹ്മണ്യൻ പഠിച്ചതായും പറയുന്നു.
പാരശൈവ വാദ്യകലാകാരന്മാർ ഓരോരുത്തരും അവരിന്‍റെ ഉള്ളിനുള്ളെ സ്വയം നന്ദീശ്വരനായി ഭാവിച്ച് ധ്യാനിക്കണം. അവർ ചുവന്ന വസ്ത്രവും ചുവന്ന ചന്ദനവും ധരിക്കണം, ആചാര്യരിൽ നിന്ന് ശിവദീക്ഷ സ്വീകരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും ഗ്രന്ഥങ്ങളിൽ കാണാം. മുട്ടുക്കാര ലക്ഷണം എന്ന മറ്റൊരു താളിയോലയും ശങ്കരമൂർത്തിയ്ക്കുണ്ടായിരുന്നു. പിശകുകൾ നിറഞ്ഞ ആ ഗ്രന്ഥം സംഗീതരത്നാകരം പോലുള്ള കൃതികളുമായി താരതമ്യം ചെയ്ത്, പാരശൈവരുടെ യാമളതന്ത്രബന്ധം, പീഠാരി–സപ്തകന്ന്യ ക്ഷേത്രങ്ങളിലെ പൂജ, മുട്ടുക്കാരരുടെ നാല് വിഭാഗങ്ങൾ തുടങ്ങിയ വിവരങ്ങളും ബാലസുബ്രഹ്മണ്യൻ നൽകുന്നു.
സാധാരണ ഗവേഷണങ്ങളെ മറികടന്ന്, ഈ ഗ്രന്ഥത്തിൽ ഒരു പ്രത്യേക പരീക്ഷണം ബാലസുബ്രഹ്മണ്യൻ നടത്തുന്നു. കുടമുഴയിൽ ഉപയോഗിക്കുന്ന തോൽ മാൻതോലാണെന്ന് അദ്ദേഹം കണ്ടെത്തി, അത് ആട്ടുതോലിനോടും ഉടുമ്പുതോലിനോടും താരതമ്യം ചെയ്യുന്നു. ഇലക്ട്രോൺ മൈക്രോസ്കോപ്പ്, ബയോകെമിക്കൽ വിശകലനം എന്നിവയുടെ സഹായത്തോടെ മാൻതോലിന്റെ ഘടന ചിത്രങ്ങളോടെ വിശദീകരിക്കുന്നു. മാൻതോലിലെ സമചിതമായ വല പോലുള്ള ഘടന, മുട്ടുക്കാരന്റെ പ്രഹരം ഒരേപോലെ പകരുകയും, മികച്ച നാദം വഴി ഉത്തമമായ ശബ്ദം സൃഷ്ടിക്കുകയും ചെയ്യുന്നു എന്നതാണ് അദ്ദേഹത്തിന്റെ നിഗമനം.
അഴകിയ മണവാളന്‍- Kudavayil Balasubramanian - Tamil Wiki
അഴകിയ മണവാളന്‍- സാഹിത്യത്തിലും, പ്രകടന കലയായ കഥകളിയിലും താല്പര്യമുണ്ട്. പി.കെ.പാലകൃഷ്ണനിന്‍റെ 'നോവല്‍- സിദ്ധിയും സാധനയും' എന്ന നിരൂപണ ഗ്രന്ഥത്തെയും, കല്പറ്റാ നാരായണന്‍റെ ലേഖനങ്ങളെയും തമിഴില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലെ ഈരോടില്‍ താമസിക്കുന്നു.





