Tuesday, 17 February 2026

കുടവായിൽ ബാലസുബ്രമണിയൻ : ചരിത്ര ഗവേഷണത്തിൻ്റെ സൗന്ദര്യാത്മക വഴി:താമരൈക്കണ്ണന്

കുടവായിൽ ബാലസുബ്രമണിയൻ

തമിഴകത്തിലെ ചരിത്ര ഗവേഷകനാണ് കുടവായിൽ ബാലസുബ്രഹ്മണ്യൻ, തമിഴിൻ്റെ സാംസ്ക്കാരിക മുഖങ്ങളിൽ ഒരാൾ. അരനൂറ്റാണ്ടിലേറെയായി ഗവേഷണത്തിൽ ഏർപ്പെട്ടു വരുന്നു. ക്ഷേത്രങ്ങൾ കേന്ദ്രമാക്കി, അവയുടെ സാംസ്കാരിക സവിശേഷതകൾ അടിസ്ഥാനമാക്കി, ചരിത്രരചന നിർവഹിക്കുന്നതാണ് കുടവായിൽ ബാലസുബ്രഹ്മണ്യൻ്റെ വഴി. രാഷ്ട്രീയ - സാമൂഹ്യ പഠനത്തിനാണ് ഇന്നത്തെ ഗവേഷകർ പൊതുവേ പ്രാധാന്യം നൽകിവരുന്നത്. മറുവശത്ത് കലാപാരമ്പര്യം നാശോന്മുഖമായിരുന്നാൽ പോലും അതർഹിക്കുന്ന ശ്രദ്ധ ഗവേഷണരംഗത്ത് ലഭിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കുടവായിൽ ബാലസുബ്രഹ്മണ്യൻ്റെ പഠനങ്ങൾ പ്രസക്തമാകുന്നത്.

തഞ്ചാവൂരിനടുത്തുള്ള കുടവായിൽ എന്ന പ്രദേശത്തെ പെരുമംഗലം ഗ്രാമത്തിൽ 1948 ൽ ഇദ്ദേഹം ജനിച്ചു. ഒരു സ്കൂൾ വിദ്യാർത്ഥിയായിരിക്കേ ഇവിടെ നിന്നും ഇദ്ദേഹം കണ്ടെടുത്ത ചോളകാല നാണയങ്ങൾ ചരിത്രപഠനത്തിൽ തല്പരനാക്കി. തമിഴ്നാട് പുരാവസ്തുവകുപ്പ് ഡയറക്ടറായിരുന്ന നാഗസ്വാമിയുടെ മേൽനോട്ടത്തിൽ 1970 മുതൽ ഇദ്ദേഹം ഗവേഷണമാരംഭിച്ചു. വൈവിധ്യം നിറഞ്ഞതാണ് ഇദ്ദേഹത്തിൻ്റെ ചരിത്രാന്വേഷണങ്ങൾ. തഞ്ചാവൂർ സരസ്വതി മഹൽ പുരാരേഖാലയത്തിൽ ജോലി ചെയ്ത് 2006 ൽ വിരമിച്ചു. ചരിത്രപഠനത്തിൽ തുടക്കം തൊട്ടുതന്നെ സ്വന്തം തട്ടകം തെളിച്ചെടുത്ത ഗവേഷകനാണിദ്ദേഹം.ചരിത്രനഗരമായ തഞ്ചാവൂർ കേന്ദ്രമാക്കിയുള്ളതാണ് ഇദ്ദേഹത്തിൻ്റെ പഠനങ്ങളെല്ലാം. മുത്തരൈയർ, ചോളർ, നായ്ക്കർ, മറാട്ടാകൾ എന്നിങ്ങനെ നാലു രാജവംശങ്ങൾ ഭരിച്ചതാണീ നഗരം. 

തഞ്ചാവൂർ നഗരത്തിൽ പല ചരിത്രാവശിഷ്ടങ്ങൾ, കലാപാരമ്പര്യങ്ങൾ, പുരാരേഖാലയം എന്നിവയെല്ലാമുണ്ട്. സ്വന്തം കൈയിൽ ഈ നിധികുംഭം ഇഷ്ടത്തോടെ ചേർത്തു പിടിച്ചു ബാലസുബ്രഹ്മണ്യൻ. അതേസമയം ആവശ്യമായത്ര സമയമെടുത്താണ് ഇദ്ദേഹം ഏതു പഠനവും നിർവഹിച്ചത്. പത്തു കൊല്ലക്കാലം തെളിവുകൾ ശേഖരിച്ച ശേഷമാണ് പല ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹം പ്രകാശിപ്പിച്ചത്. ഇക്കൂട്ടത്തിൽ ചോളരുടെ കലാതല്പരതയെക്കുറിച്ചും നായ്ക്കർ, മറാട്ടിയർ കാലത്തെ സാഹിത്യകൃതികളെക്കുറിച്ചും ഇദ്ദേഹം വെളിച്ചത്തു കൊണ്ടുവന്ന വസ്തുതകൾ ഒട്ടേറെയുണ്ട്.

വിശാലമായ ഭൂമികകളുള്ളവയാണ് കുടവായിൽ ബാലസുബ്രഹ്മണ്യൻ്റെ ഗവേഷണങ്ങളെല്ലാം എന്നിരുന്നാലും അവയുടെ കേന്ദ്രം ക്ഷേത്രങ്ങൾ തന്നെ. മഹാക്ഷേത്രങ്ങൾ തൊട്ട് കാവേരിക്കരയിലെ ചെറിയ ക്ഷേത്രങ്ങളെക്കുറിച്ചു വരെ അദ്ദേഹം തുടർച്ചയായി പഠനം നടത്തിവന്നു. കൂടാതെ ചരിത്രത്തിലെ തെറ്റായ ചില വിവരങ്ങൾ പുനപ്പരിശോധിച്ച് തിരുത്തിയും പുതിയ വസ്തുതകൾ കണ്ടെത്തി കൂട്ടിച്ചേർത്തും ചരിത്രത്തിന് തനതായ സംഭാവന അദ്ദേഹം നൽകി. ഇന്ത്യയിലെ രാജാക്കന്മാരിൽ വലിയ നാവികവിജയങ്ങൾ നേടിയ രാജേന്ദ്രചോളൻ്റെ ജന്മദിനം ആടിമാസത്തിലെ (കർക്കിടകം) തിരുവാതിര നക്ഷത്രമാണെന്ന് ഇദ്ദേഹമാണ് തെളിവോടെ കണ്ടെത്തി രേഖപ്പെടുത്തിയത്.

കുടവായിൽ ബാലസുബ്രമണിയൻ
സൂക്ഷ്മചരിത്ര ഗവേഷണ പദ്ധതിയാണ് കുടവായിൽ ബാലസുബ്രഹ്മണ്യൻ്റേത് എന്ന് എഴുത്തുകാരൻ ജയമോഹൻ നിർവചിച്ചിട്ടുണ്ട്. അതായത് തമിഴകത്തിൻ്റെയും ദക്ഷിണേന്ത്യയുടെയും സമഗ്ര ചരിത്രം മുൻഗവേഷകർ രേഖപ്പെടുത്തിയതിനു പിറകേ അതിൽ ഒരു ഭാഗമെടുത്ത് ആണ്ടുചെല്ലുന്നതാണ് അദ്ദേഹത്തിൻ്റെ രീതി. ഇത്തരത്തിൽ ചോളചരിത്രവും അവർ കാത്തുപോന്ന ക്ഷേത്രസംസ്കാര പാരമ്പര്യവും വിശദമായി പഠിച്ച ഗവേഷകനാണ് ബാലസുബ്രഹ്മണ്യൻ.

മഹാക്ഷേത്രപാരമ്പര്യം:

തമിഴകത്തു മാത്രം ഏതാണ്ട് ഇരുപതിലധികം മഹാക്ഷേത്രങ്ങൾ ഉണ്ട്. ഈ ക്ഷേത്രങ്ങൾ ബഹുസ്വരതകളുടെ സമാഹാരങ്ങളായി നിലകൊള്ളുന്നു. മധുര, ശ്രീരംഗം, കാഞ്ചിപുരം, തിരുനെൽവേലി, ശുചീന്ദ്രം, വൈത്തീശ്വരൻ കോവിൽ എന്നിങ്ങനെ തമിഴകത്തിൻ്റെ പല ഭാഗങ്ങളിലുള്ള, വിശാലവും ബൃഹത്തുമായ ക്ഷേത്രങ്ങളാണിവ. ഇവയിൽ മിക്കവയും ഏഴാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടുവരെ പല പല കാലഘട്ടങ്ങളിൽ ഭാഗം ഭാഗമായി നിർമ്മിക്കപ്പെട്ടവയാണ്, അഥവാ പുനർനിർമ്മിക്കപ്പെട്ടവയാണ്. ഒരേ ക്ഷേത്രത്തിൽ തന്നെ പല്ലവകാല ശില്പങ്ങൾ തൊട്ട് ചെട്ടിയാർ കാലത്തെ നവീകരണപ്രവർത്തനങ്ങൾ വരെയുണ്ടാകും. തമിഴ് രാജാക്കന്മാർ മാത്രമല്ല, ഹോയ്സാലർ, വിജയനഗരരാജാക്കന്മാർ എന്നിങ്ങനെ പിന്നീടു വന്നവരും ഈ ക്ഷേത്രനിർമ്മാണങ്ങളിൽ പങ്കുവഹിച്ചിട്ടുണ്ട്. ഇംഗ്ലീഷുകാർ സമ്മാനിച്ച ആഭരണങ്ങൾ കൂടി ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു വരുന്നുണ്ട്. കൊല്ലം മുഴുവൻ ഇടവിടാതെ ഉത്സവങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളാണിവ. മധുര മീനാക്ഷി ക്ഷേത്രത്തിലും ശ്രീരംഗം അരങ്കനാഥസ്വാമി ക്ഷേത്രത്തിലും ഓരോ മാസത്തിലും ഉത്സവം തന്നെ. ഈ ക്ഷേത്രങ്ങളുടെ ഓരോ ഭാഗത്തിനും ഓരോ ചെറുതൂണിനും ഒരു ചരിത്രം, സാംസ്ക്കാരികപശ്ചാത്തലം, ഉണ്ട്. ശില്പങ്ങളായും ശിലാശാസനങ്ങളായും ചിത്രങ്ങളായും ചരിത്രവും സംസ്ക്കാരവും ഈ ക്ഷേത്രങ്ങളിൽ മറഞ്ഞു കിടക്കുന്നു. 
Srirangam

ഈ മഹാക്ഷേത്ര പാരമ്പര്യത്തെക്കുറിച്ചു സുപ്രധാന പഠനങ്ങൾ നടത്തിയ മുൻഗാമികൾ രണ്ടു പേരാണ്. അ.ക. പെരുമാളാണ് ഇവരിൽ ആദ്യത്തെയാൾ. ശുചീന്ദ്രം, തിരുവട്ടാർ ക്ഷേത്രങ്ങളെക്കുറിച്ചാണ് ഇദ്ദേഹം പഠിച്ചത്. മാർക്സിയൻ പഠനരീതിയാണ് ഇദ്ദേഹത്തിൻ്റേത്. രണ്ടാമത്തെയാളാണ് കുടവായിൽ ബാലസുബ്രഹ്മണ്യൻ. യുനസ്കോ അംഗീകരിച്ച മൂന്നു ചോളകാല ശിവക്ഷേത്രങ്ങളായ തഞ്ചാവൂർ, ഗംഗൈകൊണ്ടചോളപുരം, ദാരാസുരം എന്നിവയെയും തിരുവാരൂർ മഹാക്ഷേത്രത്തെയും കുറിച്ച് പ്രത്യേകം പ്രത്യേകം ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.ഈ പുസ്തകങ്ങളോരോന്നും ആ മഹാക്ഷേത്രങ്ങളിലെ ശില്പങ്ങൾ, ചുവർചിത്രങ്ങൾ തുടങ്ങിയവയെ വിശദീകരിക്കുന്നവയും അവയുടെ കലാ- സൗന്ദര്യശാസ്ത്രം, ചരിത്രപശ്ചാത്തലം, പൗരാണിക പാരമ്പര്യവുമായുള്ള ബന്ധം, ദാർശനികമാനം തുടങ്ങിയ പരമ്പരാഗത മൂല്യങ്ങളെ മുൻനിർത്തി രചിക്കപ്പെട്ടവയാണ്.

ഇദ്ദേഹം രചിച്ച തമിഴക ഗോപുര കലാപാരമ്പര്യം എന്ന പഠനഗ്രന്ഥവും ഈ മഹാക്ഷേത്ര പഠനങ്ങൾക്കൊപ്പം വായിക്കാവുന്നതാണ്. ചരിത്രത്തിൽ എങ്ങനെ ഗോപുരങ്ങൾ രൂപംകൊണ്ടുവന്നു, ഇവിടെ വാനിലുയർന്നു നിൽക്കുന്ന ഗോപുരങ്ങൾ പൊതിഞ്ഞു 

വെച്ചിരിക്കുന്ന ചരിത്രങ്ങൾ എന്തെല്ലാം, അവയുടെ വാസ്തുകലാശൈലികൾ ഏവ എന്നിവയെല്ലാം ഈ കൃതിയിൽ ബാലസുബ്രഹ്മണ്യൻ വിശദമായി പ്രതിപാദിക്കുന്നു. ഉദാഹരണത്തിന് ഗോപുരങ്ങളിലുള്ള ഭരതനാട്യകരണങ്ങൾ, നായ്ക്കർ കാല ചുമർച്ചിത്രങ്ങൾ, ഒരു ക്ഷേത്രത്തിൽ നിന്നു മറ്റൊരു ക്ഷേത്രത്തിലേക്കു മാറ്റിപ്പണിത ഗോപുരങ്ങൾ, ശത്രുസൈന്യം ഇരച്ചുകയറിയപ്പോൾ ഗോപുരങ്ങൾക്കു മുകളിൽ നിന്നു താഴേക്കു ചാടി ആത്മഹത്യ ചെയ്ത സംഭവങ്ങൾ എന്നിവയെല്ലാം ഗ്രന്ഥകർത്താവ് ഇതിൽ ക്രോഡീകരിച്ചിട്ടുണ്ട്.

പുകഴ്പെറ്റ ക്ഷേത്രങ്ങളിൽ നാം കടന്നു ചെല്ലുന്ന ഇരുണ്ട ഭാഗങ്ങളിലേക്കു വെളിച്ചം വീശുന്ന ഒട്ടേറെ വിവരങ്ങൾ ഈ പുസ്തകങ്ങളിലുണ്ട്. പൊതുവായ വിവരങ്ങൾ മാത്രം നൽകുന്ന ഒരു പുസ്തകത്തിനും ആസ്വാദനശീലത്തിൻ്റെ അടിസ്ഥാനത്തിൽ കലകൾ വിശകലനം ചെയ്ത് ചില ചോദ്യങ്ങളുയർത്തി അതിലൂടെ സമഗ്രമായ കാഴ്ച്ചപ്പാട് രൂപപ്പെടുത്താൻ ശ്രമിക്കുന്ന ഈ രചനാശൈലിക്കും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ചോളരാജാവ് ഗംഗ നാട് കീഴടക്കി എന്നു മറ്റു ചരിത്രകാരന്മാർ പറയുമ്പോൾ ബാലസുബ്രഹ്മണ്യൻ ആ നാട്ടിൽ നിന്നു കൊണ്ടുവന്ന ഒരു ശില്പത്തിലൂടെയാണ് ആ ചരിത്രം നമ്മളോടു പറയുക. ശില്പത്തിനടിയിലുള്ള ശിലാലിഖിതം വായിച്ചു കാണിക്കുന്നതോടൊപ്പം ആ ശില്പത്തിൻ്റെ സൗന്ദര്യത്തിൽ അതിശയപ്പെടാനും അദ്ദേഹം വിട്ടുപോകുന്നില്ല.തമിഴകത്തിലെ മഹാക്ഷേത്ര പാരമ്പര്യത്തെ ഇദ്ദേഹം ചരിത്ര,സാമൂഹിക വീക്ഷണത്തിലൂടെ സമീപിക്കാതെ ആ ക്ഷേത്രങ്ങളുടെ ഭാഗങ്ങളായ ശില്പങ്ങൾ, ചുവർചിത്രങ്ങൾ, 

ഉത്സവാഘോഷങ്ങൾ എന്നിവയിലൂടെ സമീപിക്കുന്നു.സൂക്ഷ്മമായ സൗന്ദര്യബോധത്തെ മുൻനിർത്തി ക്ഷേത്രസംസ്കാരം എന്ന ബൃഹത്തായ ആശയത്തെ വായനക്കാരന് അനുഭവിപ്പിക്കാനുള്ള ശ്രമമെന്ന് ഇതിനെ വിശേഷിപ്പിക്കാം.ചോളനാട്ടിൽ കദംബം എന്നു പേരുള്ള പൂമാലയ്ക്ക് വലിയ പ്രാധാന്യമുണ്ട്; പലതരം മനോഹരമായ പൂക്കൾ ഇടകലർത്തി കോർത്തതാണത്. ശ്രീരംഗനാഥനായ നമ്പെരുമാൾ അത് മുടിക്കെട്ടിൽ ചൂടുന്നു. ഒരു തരത്തിൽ ഈ സൗന്ദര്യദർശനം തന്നെയാണ് ബാലസുബ്രഹ്മണ്യൻ തൻ്റെ കൃതികളിൽ കൈക്കൊള്ളുന്നത്.കാനനവാസിയായ ശബരി മറ്റെല്ലാവരും നൽകും പോലുള്ള വിരുന്ന് രാമനു നൽകുകയില്ല, തെരഞ്ഞെടുത്ത കനികൾ മാത്രമേ സമ്മാനിക്കൂ.

Brihadisvara Temple, Thanjavur

ക്ഷേത്രങ്ങൾ, അവയുടെ ശില്പ - ചിത്ര പാരമ്പര്യം, ഭക്തിസാഹിത്യം, ശിലാശാസനങ്ങൾ, അപൂർവഗ്രന്ഥങ്ങൾ എന്നിവ തേടിത്തേടി ചേർത്തിണക്കിയതിലൂടെ പല പുതിയ കണ്ടെത്തലുകളിലേക്കും അദ്ദേഹം എത്തിച്ചേർന്നു. അവയിൽ മുഖ്യം ചോളനാട്ടിലെ ചരിത്രപുരുഷരെ അടയാളപെടുത്തിയത്. ചോളന്മാർ, നായ്ക്ക രാജാക്കന്മാർ, മറാട്ടിയ രാജാക്കന്മാർ എന്നിവരുടെ രൂപങ്ങളെ ശില്പങ്ങളായും ചിത്രങ്ങളായും ചെപ്പേടുകളായും തേടിസ്സമ്പാദിച്ചു. ഈ ആദ്യകാല സംരംഭത്തിനു പിന്നാലെ ചോള ചക്രവർത്തി രാജേന്ദ്രചോളൻ, ചോള സൈന്യാധിപൻ കരുണാകര തൊണ്ടൈമാൻ, സാമന്തരാജാവ് കോനേരിരായൻ എന്നിവരെക്കുറിച്ച് വിശദമായി എഴുതുകയും ചെയ്തു. 

തമിഴിൽ അന്നോളം സമഗ്രമായി എഴുതപ്പെട്ടിട്ടില്ലാത്ത തഞ്ചാവൂർ നായ്ക്ക വംശത്തെപ്പറ്റി ഗവേഷണം നടത്തി പുസ്തകമെഴുതി.

kapaleeswarar Temple, Chennai

അതേസമയം, ചരിത്രകാലത്ത് ജീവിച്ചവരോ സമകാലികരോ എന്ന വ്യത്യാസമില്ലാതെ, കലാരംഗത്ത് താൻ കണ്ടുമുട്ടിയ വ്യക്തികളെയും ബാലസുബ്രഹ്മണ്യൻ അടയാളപ്പെടുത്തിയിട്ടുണ്ട്.തിരുവാരൂർ ക്ഷേത്രത്തിലെ ദേവാശിരിയ മണ്ഡപത്തിലുള്ള ചിത്രങ്ങൾ വരഞ്ഞ 17 -ാം നൂറ്റാണ്ടിലെ ചിത്രകാരൻ ശിങ്കാതനത്തെ തെളിവുകളോടെ നമുക്കു പരിചരയപ്പെടുത്തിയതാണ് ഒരുദാഹരണം. കുടമുഴാ എന്ന സംഗീതോപകരണം വായിക്കുന്ന മുട്ടുക്കാരർ വിഭാഗത്തിൽ പെട്ട ശങ്കരമൂർത്തി എന്ന സമകാല കലാകാരനെ തൻ്റെ ഗ്രന്ഥത്തിലൂടെ പരിചയപ്പെടുത്തിയതാണ് രണ്ടാമത്തെ ഉദാഹരണം. ബാലസുബ്രഹ്മണ്യൻ പരിചയപ്പെടുത്തിയില്ലായിരുന്നെങ്കിൽ ലോകം ഇവരെ അറിയാൻ സാധ്യതയേയില്ല.

Lord Namperumal of Srirangam and Kadambam Garland

സാഹിത്യം - അപൂർവഗ്രന്ഥങ്ങൾ:

ശൈവസാഹിത്യ സമാഹാരമായ പന്തിരുത്തിരുമുറൈയോട് സവിശേഷ താല്പര്യമുള്ള ഗവേഷകനാണ് കുടവായിൽ ബാലസുബ്രഹ്മണ്യൻ. പന്തിരുത്തിരുമുറൈയിൽ ഉൾപ്പെട്ട തേവാരം,തിരുമന്തിരം, തിരുക്കൈലാസ ഉലാ, പെരിയ പുരാണം എന്നിവയെ തൻ്റെ പഠനങ്ങളിൽ ഇദ്ദേഹം ധാരാളമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

ഈ ശ്രേണിയിൽ ആദ്യം രചിക്കപ്പട്ട കൃതി തേവാരമാണ്.ശൈവ സന്യാസിമാരായ തിരുജ്ഞാനസംബന്ധർ, നിരുനാവുക്കരശർ, സുന്ദരർ എന്നിവരുടെ പാട്ടുകൾ അടങ്ങിയതാണ് തേവാരം.തമിഴിൽ ഭക്തിസാഹിത്യം തുടങ്ങി വളർന്നു വന്ന ഏഴ്,എട്ട് നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട പാട്ടുകളാണിവ. തേവാര സാഹിത്യകൃതികളെക്കുറിച്ചുള്ള ഇദ്ദേഹത്തിൻ്റെ ഗവേഷണപഠനങ്ങൾ തേവാര മാഹാത്മ്യവും ഓതുവോർ പാരമ്പര്യവും എന്ന പേരിൽ പുസ്തകമാക്കിയിട്ടുണ്ട്.

തേവാരം പാടിയ മൂന്നുപേരുടെയും ജീവിത സംഭവങ്ങൾ, 'തേവാരം' എന്ന പേരിന്റെ ചരിത്രം, തേവാരപ്പാട്ടുകൾ പാടിവന്നതിൻ്റെ ചരിത്രം, പൺ ഇശൈ പാരമ്പര്യവുമായുള്ള ബന്ധം, തേവാരം പാടിയ മൂന്നുപേരും ആരാധനാക്രമത്തിന്റെ ഭാഗമായത്, തേവാരത്തെക്കുറിച്ചുള്ള ശിലാലിഖിത തെളിവുകൾ, പാട്ടുകൾ സമാഹരിച്ച രീതി, തേവാരത്തിൽ പരാമർശിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാം ബാലസുബ്രഹ്മണ്യൻ ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു. തേവാരകാലത്തിനു ശേഷം എഴുതപ്പെട്ട പെരിയ പുരാണവുമായി താരതമ്യം ചെയ്ത്, നഷ്ടപ്പെട്ടുപോയിരിക്കാനിടയുള്ള തേവാരപ്പാട്ടുകളുടെ (പതികങ്ങൾ) ഒരു പട്ടികയും അദ്ദേഹം നമുക്കു നൽകുന്നു. അതോടൊപ്പം തേവാരം ഇവിടെ നിലനിൽക്കാൻ കാരണക്കാരും അതു പാടാനായി രൂപപ്പെട്ടവരുമായ 'ഓതുവാർ' എന്ന സമൂഹത്തെക്കുറിച്ചും തൻ്റെ ഗ്രന്ഥത്തിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

Saivite saints : Navukarasar, Sundharar, Gnana Sambanthar, Manikka Vasakar 

തമിഴകത്തെ ശൈവ സന്യാസിമാരായ 63 നായനാർമാരെക്കുറിച്ചുള്ള പുരാണ ഗ്രന്ഥമാണ് പെരിയപുരാണം എന്ന 'തിരുത്തൊണ്ടർ തൊകൈ'. പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായ ഈ കൃതിയിൽ പരാമർശിക്കുന്ന 63 ദിവ്യന്മാരുടെ ജീവിതത്തെ ദാരാസുരം ക്ഷേത്രത്തിലെ ശില്പങ്ങൾ വഴി ബാലസുബ്രഹ്മണ്യൻ വിശദീകരിക്കുന്നു.തേവാരം പാടിയ മൂവരിൽ ഒരാളായ സുന്ദരനാണ് ആദ്യമായി ഈ ശൈവസിദ്ധരുടെ പട്ടിക തയ്യാറാക്കിയത്. സുന്ദരർ 'തിരുത്തൊണ്ടർത്തൊകൈ' പാടിയ സന്ദർഭത്തെ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ ജീവിതത്തിന് മുൻഗണന നൽകി പെരിയ പുരാണം രചിക്കപ്പെട്ടത്. പെരിയ പുരാണത്തിൽ പറയുന്ന അതേ ക്രമത്തിലാണ് ദാരാസുരത്ത് ഈ ശില്പങ്ങൾ ഒരുക്കിയിട്ടുള്ളത്. സുന്ദരർ, തിരുജ്ഞാനസംബന്ധർ, തിരുനാവുക്കരശർ എന്നിവരുടെ ജീവിതസംഭവങ്ങൾ കൂടുതലായും മറ്റ് നായനാർമാരുടെ ജീവിതത്തിൽ നിന്ന് ഓരോ രംഗം വീതവും ഇവിടെ ശില്പങ്ങളായി കൊത്തിവെച്ചിട്ടുണ്ട്. ഇവയെല്ലാം ഏറെ വിശദമായി സാഹിത്യം - ശില്പം - പുരാണം എന്നിവ ഒത്തുചേരുന്ന തരത്തിൽ തൻ്റെ ദാരാസുരം എന്ന പുസ്തകത്തിൽ അദ്ദേഹം താരതമ്യം ചെയ്തു വിവരിക്കുന്നുണ്ട്. ശിലാശില്പങ്ങളായും ലോഹവിഗ്രഹങ്ങളായും ആരാധിക്കപ്പെടുന്ന ഈ നായനാർമാരുടെ കഥകൾ വീരശൈവം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭക്തിപ്രസ്ഥാനങ്ങളിലും പടർന്നിട്ടുണ്ട്.

ബാലസുബ്രഹ്മണ്യൻ പലപ്പോഴും അപൂർവ്വ പുസ്തകങ്ങളെയാണ് ഗവേഷണത്തിന് അടിസ്ഥാനമാക്കിയിട്ടുള്ളത്. അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെയാണ് പല പുസ്തകങ്ങളെക്കുറിച്ചും 

പഞ്ചമുഖ വാദ്യ

നമ്മൾ ആദ്യമായി അറിയുന്നത്. പുരാരേഖാലയത്തിൽ ജോലി ചെയ്ത കാലത്ത് അദ്ദേഹം ഇത്തരം അന്വേഷണങ്ങളിൽ മുഴുകി. 'കുടമുഴ'യെക്കുറിച്ച് ഓലയിലെഴുതിയ 'പഞ്ചമുഖ വാദ്യ ലക്ഷണം' തുടങ്ങിയ ഗ്രന്ഥങ്ങൾ അദ്ദേഹം പുറത്തുകൊണ്ടുവന്നു. 'താലദീപിക' എന്ന നാട്യശാസ്ത്ര ഗ്രന്ഥം ഗോപുരകലയെക്കുറിച്ചുള്ള പഠനത്തിൽ തെളിവായി ഉപയോഗിച്ചു. നായ്ക്കർ കാലത്തെയും മറാഠി കാലത്തെയും നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം ഗവേഷണത്തിന് ഉപയോഗിച്ചു. വിശേഷിച്ചും അക്കാലത്തെ രാജാക്കന്മാരെക്കുറിച്ചും ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടന്നുവന്നതിനെക്കുറിച്ചും രംഗകലകൾക്കായി എഴുതപ്പെട്ട ഗ്രന്ഥങ്ങളെക്കുറിച്ചും തഞ്ചാവൂർ നായ്ക്കർ ചരിത്രം, കലാ പഠനങ്ങൾ മുതലായ പുസ്തകങ്ങളിൽ വിശദമായ വിവരങ്ങൾ നൽകുന്നു.

പലപ്പോഴും സാഹിത്യ വിചക്ഷണർ പോലും കാണാത്ത സൂക്ഷ്മതകൾ തമിഴ് ഗ്രന്ഥങ്ങളിൽ ബാലസുബ്രഹ്മണ്യൻ കണ്ടെത്തുന്നു. അദ്ദേഹത്തിൻ്റെ നിരന്തരമായ ശില്പകലാപരിചയം അതിനൊരു മുഖ്യ കാരണമായിട്ടുണ്ടാവാം. ചന്ദ്രനിലെ കളങ്കം മുയലുപോലെയാണെന്ന് പറയുന്ന ഒരു മിത്ത് തമിഴിലുണ്ട്. സംഘകാല കൃതിയായ അകനാനൂറ് തൊട്ട് തേവാരം, തിരുവാചകം, പെരിയ പുരാണം, നാലടിയാർ തുടങ്ങിയുള്ള ഗ്രന്ഥങ്ങളിൽ ഈ ഉപമ തുടർച്ചയായി വരുന്നത് ബാലസുബ്രഹ്മണ്യൻ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ചന്ദ്രനെ പാമ്പ് വിഴുങ്ങാൻ വരുമ്പോൾ ചന്ദ്രൻ്റെയുള്ളിലെ മുയൽ ഒരു വശത്തേക്ക് പേടിച്ചോടുന്ന രീതിയിൽ ചിത്രീകരിച്ചിട്ടുള്ള, ഓമാന്തൂർ എന്ന സ്ഥലത്തെ ശില്പം അദ്ദേഹം ഉദാഹരണമായി എടുത്തുകാണിക്കുകയും ചെയ്യുന്നു.

വിയോജിപ്പുകളും പുനർവായനകളും:

ബാലസുബ്രഹ്മണ്യൻ പരമ്പരാഗതമായ കാര്യങ്ങളെ പൂർണ്ണമായും അംഗീകരിക്കുന്ന ഒരാളല്ല. ഈ വിലയിരുത്തൽ അദ്ദേഹത്തിൻ്റെ പ്രതിച്ഛായയ്ക്ക് തീർത്തും വിപരീതമാണ് ഈ വിലയിരുത്തൽ. സത്യത്തിൽ ബാലസുബ്രഹ്മണ്യൻ പല സന്ദർഭങ്ങളിലും കൃത്യമായ തെളിവുകളോടെ തന്റെ വിയോജിപ്പുകളും വീക്ഷണവ്യത്യാസങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ഗവേഷണമായ 'നന്ദിപുരം' അത്തരമൊരു വിയോജിപ്പിലൂടെയാണ് ആരംഭിച്ചത്. നന്ദിപുരത്തെ 'ആയിരത്തളി' എന്ന രാജതലസ്ഥാനം എവിടെയായിരുന്നു എന്നതിനെ ചോദ്യം ചെയ്തുകൊണ്ട്, അതുവരെയുണ്ടായിരുന്ന വിശ്വാസങ്ങളെ അദ്ദേഹം തിരുത്തിക്കുറിച്ചു. പഴൈയാറെക്ക് അടുത്തുള്ള നാഥൻകോവിലാണ് നന്ദിപുരം എന്നാണ് അതുവരെയുള്ള ഗവേഷകർ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ബാലസുബ്രഹ്മണ്യൻ ഈ സ്ഥലം കണ്ടിയൂരിന് അടുത്തുള്ള വീരസിംഗംപേട്ടയാണെന്ന് തന്റെ പഠനത്തിലൂടെ സ്ഥാപിച്ചു. ഇതിനായി ക്ഷേത്രങ്ങളുടെ ഇടംമാറ്റം തൻ്റെ ഗവേഷണങ്ങളിൽ അദ്ദേഹം വിശകലനം ചെയ്തു. അതിലൂടെ പള്ളിപ്പടൈക്ഷേത്രങ്ങൾ പിൽക്കാലത്ത് കണ്ടിയൂരിലേക്ക് മാറ്റപ്പെട്ടുവെന്ന് വാസ്തുവിദ്യയുടെയും ശിലാലിഖിതപഠനങ്ങളുടെയും അടിസ്ഥാനത്തിൽ അദ്ദേഹം സ്ഥിരീകരിച്ചു.

ആയിരത്തളി

അപ്പർ, സംബന്ധർ, സുന്ദരർ എന്നീ മൂന്നു പേരും പാടിയ തേവാര താളിയോലഗ്രന്ഥങ്ങൾ കാണാതായി.അവ തില്ലൈ നടരാജ ക്ഷേത്രത്തിലെ ഒരു രഹസ്യ അറയിൽ ബ്രാഹ്മണരാൽ സംരക്ഷിക്കപ്പെട്ടു.ചോള ചക്രവർത്തിയായ രാജരാജ ചോളൻ തില്ലൈ മൂവായിരം ബ്രാഹ്മണരുമായി വാദം നടത്തി ജയിച്ച് ആ ഗ്രന്ഥങ്ങൾ വീണ്ടെടുത്തു. ഇങ്ങനെ ഒരു കഥ തമിഴകത്ത് പ്രചാരത്തിലുണ്ട്. ഇങ്ങനെയാണ് രാജരാജന് തിരുമുറൈ കണ്ട ചോളൻ എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു. എന്നാൽ ഇത് ഉമാപതി ശിവം എഴുതിയ ഒരു പുരാവൃത്തം മാത്രമാണെന്നും, ചരിത്രപരമായി രാജരാജ ചോളനെ തിരുമുറൈ കണ്ട ചോളൻ എന്ന് വിശേഷിപ്പിക്കാൻ അടിസ്ഥാനമൊന്നുമില്ലെന്നും ബാലസുബ്രഹ്മണ്യൻ ഉറപ്പിച്ചു പറയുന്നു.

ചരിത്രത്തിൽ ആദിത്യ കരികാലൻ എന്ന ചോള രാജകുമാരനെ ചതിച്ചു കൊന്നതിനെക്കുറിച്ച് പല ഊഹങ്ങളും കഥകളുമുണ്ട്. ഇതിനു ശേഷം അധികാരത്തിലേറിയ ഉത്തമ ചോളൻ, രാജരാജ ചോളൻ എന്നിവർ ഈ കൊലപാതകത്തിൽ കുറ്റക്കാരാണെന്ന് ആരോപിക്കുന്നവരുമുണ്ട്. ഇതിനായി അവർ ആധാരമാക്കുന്ന ഉടയാർകുടി ശിലാലിഖിതം വീണ്ടും പഠനവിധേയമാക്കിയ ബാലസുബ്രഹ്മണ്യൻ, അത്തരം ഊഹങ്ങൾ എല്ലാം അസംബന്ധമാണെന്ന് വ്യക്തമായി തെളിയിച്ചിട്ടുണ്ട്.

ശില്പകലാ ഗവേഷണങ്ങളുടെ ചരിത്രപരമായ പ്രസക്തി:

തമിഴകത്തിലെ ലോഹപ്രതിമകൾ അവയുടെ സൗന്ദര്യാത്മകത കൊണ്ട് ലോകമെമ്പാടും വലിയ അംഗീകാരം നേടിയവയാണ്. അവയെക്കുറിച്ചുള്ള ഗവേഷണം ബാലസുബ്രഹ്മണ്യന് ഏറെ പ്രിയപ്പെട്ടത്. ശില്പങ്ങളും ചരിത്രവും തമ്മിൽ എന്ത് വലിയ ബന്ധമാണുള്ളതെന്ന് ഒരാൾക്കു ചോദിക്കാം. ഇതിന് കൃത്യമായ മറുപടി നൽകാൻ കുടവായിൽ ബാലസുബ്രഹ്മണ്യന്റെ പ്രവർത്തനങ്ങൾക്കേ കഴിയൂ.

തഞ്ചാവൂർ ക്ഷേത്രത്തിലെ രാജരാജചോളന്റെ പ്രതിമ ഒരിക്കൽ തമിഴ്നാട്ടിൽ നിന്നു പുറത്തേക്ക് കൊണ്ടുപോകപ്പെട്ടു. ക്ഷേത്രം നിർമ്മിച്ച കാലത്തുതന്നെ അത് നിർമ്മിച്ച രാജാവിന്റെ പ്രതിമയും സ്ഥാപിക്കപ്പെട്ടുവെന്ന് അവിടെയുള്ള ശിലാലിഖിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രതിമയുടെ അളവും തൂക്കവും ഉൾപ്പെടെയുള്ള വിവരങ്ങളും ഈ ലിഖിതങ്ങളിലുണ്ട്. ആ പ്രതിമ തിരികെ കൊണ്ടുവരണമെങ്കിൽ, കണ്ടുകിട്ടിയ പ്രതിമ അതുതന്നെയാണോ എന്ന് ഉറപ്പുവരുത്തണം. ഇവിടെയാണ് ബാലസുബ്രഹ്മണ്യനെപ്പോലെയുള്ള ഒരു വിദഗ്ധന്റെ സേവനം അനിവാര്യമാകുന്നത്. പ്രതിമ വീണ്ടെടുക്കാനുള്ള സംഘത്തിൽ അദ്ദേഹം അംഗമായി, പ്രതിമയെക്കുറിച്ചു പഠിച്ച് അതിന്റെ ആധികാരികത ഉറപ്പുവരുത്തി, അങ്ങനെ ആ ശില്പം വീണ്ടും തഞ്ചാവൂരിലേക്ക് എത്തിക്കുകയും ചെയ്തു.

Statues of King Rajaraja and his wife Logamadevi

മറ്റൊരു സന്ദർഭത്തിൽ, ശൈവസിദ്ധനായ മാണിക്കവാചകരുമായി ബന്ധപ്പെട്ട് ഒരു തർക്കം ഉയർന്നുവന്നു. മാണിക്കവാചകർ തിരുവാചകം എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ്. പല പല നാടുകളിലെ പണ്ഡിതന്മാർ ആദരിക്കുന്ന കൃതി തിരുവാചകം. മാണിക്കവാചകർ രചിച്ച മറ്റൊരു കൃതിയാണ് തിരുക്കോവൈയാർ. അകം വിഭാഗത്തിൽപെട്ട പാട്ടുകളടങ്ങിയ കൃതിയാണിത്. പ്രണയമാണ് അകം വിഭാഗത്തിലെ പാട്ടുകളുടെ വിഷയം. ഇതിലെ നായകൻ ശിവനാണെങ്കിലും വരികളിലുടനീളം പ്രണയത്തിന്റെ സൗന്ദര്യമാണ് വർണ്ണിക്കുന്നത്. അതിനാൽ, ഒരു വിഭാഗം ആളുകൾ ഈ കൃതി മാണിക്കവാചകരുടേതല്ലെന്നു വാദിച്ചു.ഭക്തിരസം നിറഞ്ഞുകവിയുന്ന പാട്ടുകൾ പാടിയ ഒരാൾക്ക് ഇത്തരത്തിൽ പ്രണയകാവ്യം രചിക്കാൻ എങ്ങനെ കഴിയും,അത് ദൈവത്തെക്കുറിച്ചുള്ളതായാലും?

ഇവിടെയാണ് കുടവായൽ ബാലസുബ്രഹ്മണ്യന്റെ പഠനലേഖനം ആ ചോദ്യത്തിന് മറുപടി നൽകുന്നത്. മാണിക്കവാചകരുടെ പ്രതിമകൾ സാധാരണയായി ഒരു കയ്യിൽ താളിയോലക്കെട്ടുകൾ പിടിച്ചിരിക്കുന്ന രീതിയിൽ നിർമ്മിക്കുന്ന പാരമ്പര്യമുണ്ട്. മാണിക്കവാചകരുടെ പ്രതിമകളെക്കുറിച്ച് ഗവേഷണം നടത്തിയപ്പോൾ ഒരു പ്രത്യേക പ്രതിമയിലെ താളിയോലയിൽ അക്ഷരങ്ങൾ കൊത്തിവെച്ചിരിക്കുന്നത് ബാലസുബ്രഹ്മണ്യൻ ശ്രദ്ധിച്ചു. അത് തിരുക്കോവയാർ എന്ന കൃതിയിലെ ആദ്യ വരിയാണെന്ന് അദ്ദേഹം കണ്ടെത്തി തന്റെ ലേഖനത്തിലൂടെ പുറംലോകത്തെ അറിയിച്ചു. കാലങ്ങളായി ക്ഷേത്രത്തിൽ ആരാധിച്ചുവരുന്ന,ചോള കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഒരു ശില്പത്തിൻ്റെ കൈയിൽ തന്നെ ഇതിനുള്ള ഉത്തരമുണ്ടായിരുന്നു—തിരുക്കോവൈയാർ രചിച്ചത് മാണിക്കവാചകർ തന്നെയാണ് എന്ന്.

Saint Manikka Vasagar

മതവിശ്വാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് :

ശില്പകലയിലൂടെയാണ് കുടവായിൽ ബാലസുബ്രഹ്മണ്യൻ മതവിശ്വാസങ്ങളെ സമീപിക്കുന്നത്. ശിവപെരുമാളുടെ വ്യത്യസ്ത ശില്പരൂപങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ശിലാശില്പങ്ങൾ, ചെമ്പ് വിഗ്രഹങ്ങൾ, ചുവർചിത്രങ്ങൾ എന്നിവയെ മുൻനിർത്തി ഈ ശില്പങ്ങളുടെ ആരംഭകാല രൂപം, അവയ്ക്കുണ്ടായ രൂപാന്തരം എന്നിവ അദ്ദേഹം വിവരിക്കുന്നു. തമിഴ്‌നാടിന്റെ ഏതെങ്കിലും ഒരു മൂലയിൽ മനോഹരമായ ഒരു ശില്പമുണ്ടെങ്കിൽ, ബാലസുബ്രഹ്മണ്യൻ തന്റെ പുസ്തകത്തിൽ എവിടെയെങ്കിലും അത് രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്ന് ഉറപ്പിച്ചു പറയാം. ശിവരൂപങ്ങളായ ലിംഗോദ്ഭവർ, ഗജസംഹാരമൂർത്തി, കാലസംഹാരമൂർത്തി, വീണാധരൻ എന്നിവയെ ഭക്തിസാഹിത്യത്തോടു ചേർത്തുവെച്ച് അദ്ദേഹം പ്രത്യേക ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കാളമുഖ ശൈവം പോലുള്ള ശൈവമതത്തിലെ മറ്റു വിഭാഗങ്ങളെക്കുറിച്ചും അവിടെ ആരാധിക്കപ്പെടുന്ന സവിശേഷമായ ശിവരൂപങ്ങളെക്കുറിച്ചും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. വാഗീശമൂർത്തീരൂപം അങ്ങനെ അദ്ദേഹവും അദ്ദേഹത്തിന്റെ ഗുരുവായ നാഗസ്വാമിയും ചേർന്ന് രേഖപ്പെടുത്തിയ മൂർത്തീരൂപമാണ്. സദാശിവമൂർത്തി, പഞ്ചദേഹമൂർത്തി തുടങ്ങിയ ശിവരൂപങ്ങളും തഞ്ചാവൂർ ക്ഷേത്രത്തിലെ ഗോപുരവും കുടമുഴാ തുടങ്ങിയ സംഗീതോപകരണങ്ങളും തമ്മിലുള്ള ദാർശനിക ബന്ധത്തെക്കുറിച്ച് അദ്ദേഹം തന്റെ പുസ്തകങ്ങളിൽ വിവരിക്കുന്നു.

വാഗീശമൂർത്തീ

രാജേന്ദ്രചോളന്റെ യുദ്ധവിജയ സ്മാരകങ്ങളായ ശില്പങ്ങളെ മുൻനിർത്തി ശാക്തേയ മതത്തെക്കുറിച്ചും 'കൊറ്റവൈ'യെക്കുറിച്ചും വിശദീകരിക്കുന്ന ബാലസുബ്രഹ്മണ്യൻ, കാളാപിടാരി പോലുള്ള അപൂർവ്വ രൂപങ്ങളെ തന്റെ ലേഖനങ്ങളിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ 'യോഗിനി' ആരാധനയെക്കുറിച്ചുള്ള തെളിവുകൾ ഒരു ഗവേഷകൻ എന്ന നിലയിൽ ആദ്യമായി മുന്നോട്ടുവെച്ചത് ഇദ്ദേഹമാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള ഗംഗാനദീ ശില്പങ്ങൾ ചേർത്തുവെച്ച് അദ്ദേഹം ഒരു പ്രത്യേക ലേഖനം തന്നെ തയ്യാറാക്കിയിട്ടുണ്ട്.

മാതൃദൈവ ആരാധന വൈഷ്ണവ മതത്തിൽ എങ്ങനെയാണ് ശ്രീവത്സമായി മാറിയതെന്ന് പുരാവസ്തു തെളിവുകളോടെ വിശദീകരിക്കുന്ന ബാലസുബ്രഹ്മണ്യൻ്റെ ലേഖനം സുപ്രധാനമാണ്. പ്രാചീന ഗോത്രവർഗ്ഗ ജീവിതത്തിന്റെ അടയാളങ്ങളിൽ ഒന്ന് ഭക്തികാലഘട്ട ശില്പകലയിൽ എങ്ങനെ അടയാളപ്പെട്ടു എന്ന് ഈ പഠനം ചൂണ്ടിക്കാട്ടുന്നു.

രൂപങ്ങളിലൂടെ വ്യാകരണഘടന തകർക്കാതെ പാട്ടുകൾ സൃഷ്ടിക്കുന്ന രീതിയാണ് ചിത്രകവിത. ഒരു പാട്ട് രഥാകൃതിയിലും താമരവടിവിലും രൂപംകൊള്ളുകയാണിവിടെ. തമിഴിൽ ജ്ഞാനസംബന്ധർ, തിരുമംഗൈ ആഴ്‌വാർ, അരുണഗിരിനാഥർ തുടങ്ങിയ സിദ്ധന്മാർ ഈ രീതി പിന്തുടർന്നിട്ടുണ്ട്. ഈ നിരയിൽ അബ്ദുൽഗഫൂർ സാഹിബ് എന്ന ചിത്രകവിയെ നമുക്കാദ്യമായി 

Mother Goddess Stone

പരിചയപ്പെടുത്തിയത് കുടവായിൽ ബാലസുബ്രഹ്മണ്യൻ തന്നെ. തിരുവയ്യാറിൽ ജീവിച്ചിരുന്ന അബ്ദുൽഗഫൂർ സാഹിബ് തന്റെ കാലഘട്ടത്തിൽ വൈവിധ്യമാർന്ന ചിത്രബന്ധങ്ങൾ രചിച്ച വ്യക്തിയാണ്. താൻ ആരാധിക്കുന്ന മഹാത്മാക്കളുടെ നിരയിൽ പ്രതിഷ്ഠിച്ച് അദ്ദേഹത്തെ ആദരിക്കാൻ ബാലസുബ്രഹ്മണ്യന് യാതൊരു മടിയുമില്ല.

Chitra Bhandhanam Poem by Abdul Kapur Sahib

ഗവേഷണ രീതിയും വിമർശനങ്ങളും:

തമിഴ് വായനക്കാർക്കിടയിൽ ഏറെ പ്രശസ്തനായ എഴുത്തുകാരനാണ് കുടവായിൽ ബാലസുബ്രഹ്മണ്യൻ. മറ്റേതു ഗവേഷകനേക്കാളും ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ വലിയൊരു വായനാസമൂഹത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. പരമ്പരാഗതമായ കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാതെ ഒരാൾ ക്ഷേത്രത്തിൽ പോകുമ്പോൾ ആദ്യം സഹായത്തിനെത്തുക ബാലസുബ്രഹ്മണ്യന്റെ പുസ്തകങ്ങളാണ്. അദ്ദേഹത്തിന്റെ സൗഹൃദപരമായ സമീപനം വായനക്കാർക്ക് ചരിത്രത്തെ ലളിതമാക്കി നൽകുന്നു, ഭയമില്ലാതെ ചരിത്രത്തെ സമീപിക്കാൻ വായനക്കാരെ പ്രാപ്തരാക്കുന്നു. ഒരു തരത്തിൽ പറഞ്ഞാൽ, ചരിത്രത്തെ തന്റെ ശൈലിയിൽ രസകരമായ ഒരു കഥയാക്കി അദ്ദേഹം അവതരിപ്പിക്കുന്നു.

വിപ്ലവകാരിയെന്ന ഭാവമൊന്നും അദ്ദേഹം വെറുതെ ചമയാറില്ല. പാരമ്പര്യത്തിനുള്ളിൽ നിന്നുകൊണ്ട് അതിനെക്കുറിച്ചു ഗവേഷണം ചെയ്തയാളാണദ്ദേഹം. 

കുടവായിൽ ബാലസുബ്രമണിയൻ 

ഈ ഗുണമേന്മയാണ് അദ്ദേഹത്തിന്റെ ദീർഘകാലത്തെ അധ്വാനത്തിനും പുതിയ വായനക്കാർ അദ്ദേഹത്തിലേക്ക് എത്തുന്നതിനും കാരണമാകുന്നത്.

തന്റെ തുടക്കകാലത്ത് ഒരു സൈക്കിളുമെടുത്ത് തഞ്ചാവൂർ പ്രദേശം മുഴുവൻ ചുറ്റിസഞ്ചരിച്ചാണ് അദ്ദേഹം വിവരങ്ങൾ ശേഖരിച്ചിരുന്നത്. ഫോട്ടോഗ്രാഫി സ്വയം പഠിച്ചെടുത്ത് തന്റെ ഓരോ കണ്ടെത്തലിനും ആവശ്യമായ ചിത്രങ്ങൾ അദ്ദേഹം തന്നെ തേടിപ്പിടിച്ച് പകർത്തി ശേഖരിച്ചു. കുടവായലിന്റെ അധ്വാനത്തെയും തുടർച്ചയായ പ്രവർത്തനങ്ങളെയും അഭിനന്ദിക്കാത്ത ഗവേഷകർ തമിഴ്‌നാട്ടിലില്ല. അതേസമയം, ചിലപ്പോഴൊക്കെ വിപുലമായ വസ്തുതകൾ (ദത്തങ്ങൾ) നൽകാത്തതും, ചോദ്യങ്ങളില്ലാതെ സ്വന്തം അഭിപ്രായങ്ങൾ ഉറപ്പിച്ചു പറയുന്നതും, പരമ്പരാഗത കാഴ്ചപ്പാടുകൾക്ക് മുൻഗണന നൽകുന്നതും മറ്റ് ഗവേഷകർ അദ്ദേഹത്തിന് മേൽ ഉന്നയിക്കുന്ന വിമർശനങ്ങളാണ്. ഇത് മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ ഗവേഷണ രീതിയെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്.

കുടവായലിന്റെ ഗവേഷണ ശൈലി മാർക്സിസ്റ്റ് രീതികളെ പിന്തുടരുന്ന ഒന്നല്ല. അത് അദ്ദേഹത്തിന്റെ ഗുരുവായ നാഗസ്വാമി പകർന്നുനൽകിയ ശൈലിയാണ്. ഒരു കലാസൃഷ്ടിയോടുള്ള അത്ഭുതമാണ് ഈ ഗവേഷണത്തിന്റെ അടിസ്ഥാനം. "ഇത് എങ്ങനെ ഇത്ര മനോഹരമായി നിർമ്മിക്കപ്പെട്ടു?" എന്ന ചോദ്യത്തോടൊപ്പം തൻ്റെ നോട്ടത്തെ സാഹിത്യം, ശില്പം, ശിലാലിഖിതം എന്നിങ്ങനെ അന്വേഷിച്ചു വികസിപ്പിക്കുകയും ഒരു ഘട്ടത്തിൽ അവയെല്ലാം 

ചേർത്തുവെച്ച് മറുപടി നൽകുകയുമാണ് അദ്ദേഹത്തിൻ്റെ രീതി. ഇതൊരു പൂർണ്ണമായ കാഴ്ചപ്പാടാണോ എന്ന ചോദ്യത്തിന് അല്ല എന്ന് തന്നെ പറയേണ്ടി വരും.

ഗവേഷണത്തിന്റെ തുടക്കത്തിലെ ആ ചോദ്യത്തിൽ തന്നെയുള്ള അത്ഭുതത്തെയും വികാരങ്ങളെയും മുഴുവനായും നീക്കം ചെയ്ത് ഗവേഷണങ്ങളിലേക്കു കടന്നാൽ മാത്രമേ വസ്തുതകളെ കൃത്യമായ ഒരു ചട്ടക്കൂട്ടിൽ ഒതുക്കി നിഗമനങ്ങളിൽ എത്താൻ സാധിക്കൂ. ഇതൊരു ലബോറട്ടറി സമീപനമാണ്. എന്നാൽ കുടവായിൽ സ്വീകരിക്കുന്നത് ഈ രീതിയല്ല; അദ്ദേഹത്തിന്റെ ഗവേഷണങ്ങളുടെ അടിസ്ഥാനം തന്നെ ഈ സംസ്കാരത്തിലുള്ള അഭിമാനബോധമാണ്. അത് നീക്കം ചെയ്താൽ ഈ ശില്പങ്ങളൊന്നും അദ്ദേഹത്തിന്റെ കണ്ണുകൾക്ക് അത്ഭുതമായി തോന്നില്ല. ഒരു പ്രതിമയ്ക്ക് ഇത്ര കിലോ തൂക്കമുണ്ടെന്നോ ഇത്ര നീളമുണ്ടെന്നോ എഴുതാൻ കുടവായിൽ ബാലസുബ്രഹ്മണ്യനെപ്പോലൊരു ചരിത്രകാരന്റെ ആവശ്യമില്ല. മതവിശ്വാസം, കല, സംസ്കാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ. ഇവയിലൂടെയാണ് അദ്ദേഹം തന്റെ പുതിയ കണ്ടെത്തലുകൾ നമുക്ക് നൽകുന്നത്. ഒരിക്കലും തന്റെ അടിസ്ഥാന വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ അദ്ദേഹത്തിനാവുകയില്ല. മറിച്ച്, അദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ രൂപപ്പെട്ടുവന്ന സംസ്കാര സംബന്ധിയായ കണ്ടെത്തലുകൾ ഒരു വലിയ നിധിശേഖരത്തിലേക്കുള്ള വാതിൽ നമുക്കു തുറന്നുതരുന്നു. ഇവിടെ നിന്ന് ആർക്കും സ്വന്തം ഗവേഷണങ്ങൾക്കുള്ള വിവരങ്ങളും ചോദ്യങ്ങളും 

കണ്ടെത്തിയെടുത്തുകൊണ്ടു യാത്ര തുടരാം.ആ വഴി കുടവായിൽ തിരഞ്ഞെടുത്ത അതേ വഴി തന്നെയാകണമെന്ന് ഒരു നിർബന്ധവുമില്ല.

താമരൈക്കണ്ണന്

പരിഭാഷ: പി. രാമൻ‌‍

Kudavayil Balasubramanian - Tamil Wiki

താമരൈക്കണ്ണന് 
താമരൈക്കണ്ണന് തമിഴ് സാഹിത്യത്തിലും സാംസ്കാരിക ചരിത്രത്തിലും താൽപ്പര്യമുണ്ട്. അദ്ദേഹത്തിന്റെ തമിഴ് ഉപന്യാസ പരമ്പരയായ "ആടൽ" തമിഴ് ക്ലാസിക്കൽ പ്രകടന കലകളുടെ ഉറവിടത്തെ ക്ഷേത്ര ശിൽപങ്ങളിലും, ചുമര്‍ ചിത്രങ്ങളിലും അന്വേഷിക്കുന്നു. 'കുരുകു' എന്ന ഈ കല-സാംസ്കാരിക ഇ-മാസികയുടെ എഡിറ്റർമാരിൽ ഒരാളാണ് ഇദ്ദേഹം.ഇപ്പോൾ ബാംഗ്ലൂരിൽ താമസിക്കുന്നു.

പി. രാമൻ‌‍
 മലയാളത്തിലെ ഉത്തരാധുനിക കവികളിൽ ശ്രദ്ധേമായ ഒരാളാണ്‌ പി.രാമൻ‌‍. 

കവികളെക്കുറിച്ചും, കവിതാ ആസ്വാദനങ്ങളായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. തമിഴില്‍ നിന്നും മറ്റു ഭാഷകളില്‍ നിന്നും മലയാളത്തിലേക്ക് കവിതകളും, തമിഴില്‍ നിന്ന് കഥകളും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 

1972-ൽ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനിച്ചു. പട്ടാമ്പി ഗവ.സംസ്കൃത കോളോജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദം. ഇപ്പോൾ ഹയർസെക്കൻ്ററി മലയാളം അധ്യാപകൻ. കവിയും നോവലിസ്റ്റുമായ സന്ധ്യ എൻ. പി. യാണ് ജീവിതപങ്കാളി. മക്കൾ ഹൃദയ്, പാർവ്വതി. 

കനം, തുരുമ്പ്, ഇരട്ടവാലന്‍ എന്നിവയുൾപ്പെടെ ആറിലധികം കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കവിതാ സമാഹാരങ്ങള്‍: ആ സ്ഥലം അണിഞ്ഞ ഷര്‍ട്ട് ഞാന്‍(2025), നനവുള്ള മിന്നൽ(2024), 

പരിഭാഷകള്‍:

1.മായപ്പൊന്ന് (ജയമോഹന്‍റെ തമിഴ്കഥകളുടെ പരിഭാഷ) (2021)

2.കുളത്തിലെ നക്ഷത്രം എങ്ങനെ കെടുത്തും? (തമിഴ് കവിതകളുടെ പരിഭാഷ) (2022)

നിരൂപണം:

1.കവിനിഴല്‍മാല (2022)

കേരള സാഹിത്യ അക്കാദമി പുരസ്കാരം(2019), മഹാകവി പി. സാഹിത്യ പുരസ്കാരം(2022) തുടങ്ങിയ നിരവധി അവാർഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.