Friday, 8 May 2026

അധികാരം, സംഘർഷം, അതിജീവനം: രണ്ട് മന്തി (Langur) വർഗങ്ങളിലെ ശിശുഹത്യ - ബെന്നി കുറിയൻ

നീലഗിരി ലംഗൂർ

 Infanticide Behaviour in Tufted Grey Langur and Nilgiri Langur: Field Observations

സാർവത്രികമായി ജന്തു വര്ഗങ്ങള്ക്കിടയിൽ കണ്ടുവരുന്ന ഒരു സ്വഭാവമാണ് ശിശുഹത്യ (Infanticide). ഒരേ ജീവ ജാതിയിൽ പെട്ട (same species) അംഗങ്ങൾ തന്നെ കുഞ്ഞുങ്ങളെ ഉദ്ദേശപൂർവം കൊല്ലുന്നതിനെയാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്. ഈ സ്വഭാവും മനുഷ്യനുൾപ്പെടെയുള്ള ജീവികളിൽ കണ്ടുവരാറുണ്ട് എന്നത പ്രകൃതിദത്തമായ ഇതിന്റെ സാർവത്രികത വ്യതമാക്കുന്നു. സസ്തിനികളിൽ, പ്രത്യേകിച്ച്, പുരുഷ നേതൃത്വ സ്വഭാവമുള്ള സാമൂഹിക ക്രമം, പ്രകടമാക്കുന്ന മൃഗങ്ങളിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇതിന്റെ ഇരകൾ മുലകുടിക്കുന്ന കുഞ്ഞുങ്ങൾ മുതൽ സ്വതന്ത്രമായി ജീവിക്കാൻ ആരംഭിക്കുന്ന കുഞ്ഞുങ്ങൾ വരെയാകാം.

ഈ സ്വഭാവത്തിനു പിന്നിൽ നിരവതി കാരണങ്ങൾ ഉണ്ട്. മാനുഷിക മൂല്യങ്ങളിൽ നിന്ന് നോക്കുമ്പോൾ ഇത് ഒരു ക്രൂരകൃത്യമാണ് എന്നു തോന്നാമെങ്കിലും, ഈ പ്രതിഭാസം, വംശങ്ങളുടെ ആരോഗ്യകരമായ നിലനിൽപ്പിനുവേണ്ടി തയ്യാറാക്കപ്പെട്ട പ്രകൃതി നിയമമാണെന്നു കൂടി മനസിലാക്കേണം. ഇത് പലപ്പോഴും സ്വാർത്ഥമായ മത്സരത്തിൽ നിന്നാണ് ഉരുത്തിരിയുന്നത്. ഒപ്പം, സാഹചര്യങ്ങളെ ആശ്രയിച്ച് ഇതിന്റെ കാരണങ്ങൾ വ്യത്യാസപ്പെടുകയും ചെയ്യും. ഉദാഹരണത്തിന്, പരിമിതമായ വിഭവങ്ങൾ ഉള്ളപ്പോൾ സഹോദരങ്ങൾ തമ്മിലുള്ള മത്സരം (sibling rivalry) അല്ലെങ്കിൽ മാതാപിതാക്കളുടെ അവഗണന എന്നിവ കാരണം ജന്മ ബന്ധമുള്ളവർക്കിടയിലും ഇത്തരത്തിലുള്ള ശിശുഹത്യകൾ കാണാനാവും.

ഈ വിഷയം ജന്തു ശാസ്ത്രത്തിൽ ഏറെ ചർച്ച ചെയ്യിതുട്ടുള്ളതാണ്.ഇത് സംബന്ധിച്ച നിരവധി പഠനങ്ങളും നിരീക്ഷണങ്ങളും നിലവിലുണ്ട്. ഒരു പ്രകൃതി നിരീക്ഷകൻ എന്ന നിലയിൽ, ഈ പ്രതിഭാസത്തിനു നേർ സാക്ഷിയായ രണ്ടു അവസരങ്ങൾ ഇവിടെ വിശതീകരിക്കാം. 

ആ രണ്ടു നിരീക്ഷണങ്ങളും മന്തി (Langur- Colobinae or leaf-eating monkeys) വിഭാഗത്തിൽപെട്ട രണ്ടു ഇനങ്ങളിലാണ് കാണാനിടയായത്. ഒന്ന് ടഫ്റ്റഡ് ഗ്രേ ലംഗൂർ ( Tufted gray langur -Semnopithecus priam) എന്ന വെക്കാലി മന്തി ഇനത്തിലും, മറ്റൊന്ന് നീലഗിരി ലംഗൂർ (Nilgiri langur -Semnopithecus johnii) എന്ന കരിങ്കുരങ്ങുകൾക്കു ഇടയിലും.

എന്റെ നിരീക്ഷണങ്ങളെ എപ്പോഴും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളിലൂടെ മനസിലാക്കുവാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. അതിനുവേണ്ടി പ്രകൃതിയും ആദിമ ഗോത്രങ്ങളും തമ്മിലുള്ള ബന്ധത്തെ അവരുടെ വിശ്വാസങ്ങളിൽ നിന്നും, നാടോടി കഥകളിൽ നിന്നും ശേഖരിച്ചു കഥയും ശാസ്ത്രീയതയും തമ്മിൽ വേർതിരിക്കാൻ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഡയറി കുറിപ്പിൽ നിന്നുമാണ് ഇത് ആരംഭിക്കുന്നത്. ഏതാണ്ട് രണ്ടായിരാമാണ്ടു കാലത്താണ് പശിമഘട്ടത്തിന്റെ കിഴക്കൻ ചെരുവിലെ, വരണ്ട, മഴനിഴൽ വനങ്ങൾ എന്നെ ആകർഷിക്കാൻ തുടങ്ങിയത്. കേരളത്തിലെ ചിന്നാർ വന മേഖലയും, തമിഴ്‌നാട്ടിലെ, ഇന്നത്തെ ആനമല കടുവ സങ്കേതത്തിന്റെ ഭാഗമായ അമരാവതി- പുതുമട ഭാഗങ്ങളും ഉൾപ്പെടുന്നവയായിരുന്നു ആ ഭൂ പ്രദേശം.

താഴ്വാരങ്ങളിലെ വരണ്ട കാടുകളിൽ വസിക്കുന്ന മലപ്പുലയ കുടികളും, അലഞ്ഞു തിരിഞ്ഞു ജീവിക്കുന്ന പാമ്പുപുലയരുടെ പട്ടികളും (മരച്ചില്ലകൾ ചേർത്ത് ഉണ്ടാക്കുന്ന, ടെന്റ് പോലുള്ള കൂര), മലമുകളിലെ മുതുവ കുടികളും, അഞ്ചുനാട്ടിലെ മല വെള്ളാളരുടെ ഗ്രാമങ്ങളുമായിരുന്നു ഇവിടുത്തെ ആദിമ മനുഷ്യവാസ കേന്ദ്രങ്ങൾ. വന്യ മൃഗങ്ങളിക്കിടയിലെ അവരുടെ സഹവർത്തിത്വവും, കാടിനെ ആശ്രയിച്ചുള്ള ജീവിതവും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യവും പരസ്പരാശ്രിതവുമായ ജീവന പ്രക്രിയയെ വെളിപ്പെടുത്തി തന്നു. അവർക്കിടയിൽ നിന്നും അളവറ്റ വിവരങ്ങൾ അറിയാനും ശേഖരിക്കാനും കഴിഞ്ഞു. അങ്ങിനെ കിട്ടിയ ഒരു കഥ മാത്രമായിരുന്നു 'കുരങ്ങു പുലിയുടേത് '. വെക്കാലി മന്തിയെകുറിച്ചുള്ളതായിരുന്നു ആ കഥ. വെക്കാലി മന്തിയെ ആദ്യമായി ഞാൻ കണ്ടതും ഈ കട്ടിൽ വച്ചാണ്.

ടഫ്റ്റഡ് ഗ്രേ ലംഗൂർ

കുരങ്ങുപുലി- വെക്കാലി മന്തികളിക്കിടയിലെ ശിശുഹത്യ

സസസ്യാഹാരികളായ, കണ്ടാൽ ഏറെ കൗതുകം തോന്നുന്ന വെക്കാലി മന്തിയുടെ ചേഷ്ടകൾ രസകരമാണ്. അവയുടെ ആകാരവും കുടുമയും, കാടിനെ പ്രകമ്പനം കൊളുക്കുന്ന ഹുങ്കാര ശബ്ദവും, കാടുലക്കുന്ന ചാട്ടവും - ആകെക്കൂടി കാടിന്റെ കാവൽക്കരെപ്പോലെ പെരുമാറുന്ന വെക്കാലി മാന്തികൾ ആകർഷിണീയത ഉളവാക്കുന്ന ഒരു കുരങ്ങിനമാണ്. എന്നാൽ ഇവർക്കിടയിലെ ശക്തനായ ആൺ കുരങ്ങുകൾ ചിലപ്പോൾ പുലിയായി രൂപം മാറുമെന്നും അവ സ്വതം കുഞ്ഞുങ്ങളെ കൊന്നു കളയുമെന്നതുമായ കഥകൾ തമിഴ്നാട്ടിലുള്ള തളിഞ്ചി ഗ്രാമത്തിലെ ചെല്ലമുത്തുവാണ് പറഞ്ഞു തന്നത്. എന്തും അതിശയകരമായ ചിത്രീകരിക്കാൻ ചെല്ലമുത്തുവിന് നല്ല കഴിവായിരുന്നു. വെക്കാലി മന്തികൾക്കിടയിലെ ശിശു ഹത്യ നേരിൽ കാണുന്നതുവരെ, ചെല്ലമുത്തുവിന്റെ കുരങ്ങുപുലി കഥയെ ഒരു കൾച്ചറൽ നോട്ട് (Cultural Notes) ആയി മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ. 

വെക്കാലി മന്തി എന്ന് വിളിക്കുന്ന ഈ കുരങ്ങ് ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന സാദാരണ മന്തികളുടെ (Common Langur -Semnopithecus entellus) പ്രാദേശിക ഇനമാണ് (Geographical race). 

വടക്കേ ഇന്ത്യയിൽ കോമൺ ലംഗൂറിനെ “ഹനുമാൻ കുരങ്ങ്” എന്ന പേരിലാണ് അറിയപ്പെടുന്നത്—നമുക്ക് അറിയുന്നതുപോലെ രാമായണ കഥയുമായി ബന്ധപ്പെട്ടതാണ് ഈ പേര്. എന്നാൽ തെക്കേ ഇന്ത്യൻ കാടുകളിൽ, പ്രതെയ്കിച്ചു പശ്ചിമ ഘട്ടത്തിന്റെ കിഴക്കൻ ചെരുവിൽ കാണപ്പെടുന്ന പ്രാദേശിക വിഭാഗത്തെ 'വെക്കാലി മന്തി' എന്നാണ് വിളിക്കാറ്. ഈ പേര് പുരാണങ്ങളിൽ നിന്നും ഉൾകൊണ്ട പേരല്ല, മറിച്ച് ദീർഘകാലത്തെ പരിസ്ഥിതി നിരീക്ഷണത്തിൽ നിന്നും ഉദ്ഭവിച്ചതാണ്. മഴു കാഞ്ഞിരം (Axle Wood- Anogeissus latifolia) എന്ന് മലയാളത്തിൽ വിളിപ്പേരുള്ള വെക്കാലി മരവും ഈ കുരങ്ങുകളുമായുള്ള ബന്ധമാണ് ഇതിനെ വെക്കാലി മന്തി എന്ന് വിളിക്കാൻ കാരണമായത്. വരണ്ട കാടുകളിലും, ഇലപൊഴിയും കാടുകളിലും കണ്ടുവരുന്ന ഒരു വൃക്ഷമാണ് വെക്കാലി. ഇതിന്റെ തളിരും, പൂവും ഈ കുരങ്ങുകൾക്കു ഏറെ പ്രിയപ്പെട്ടതാണ്. 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീലങ്കയിലും സ്വാഭാവികമായി വളരുന്ന ഈ വൃക്ഷം ഗ്രേ ലംഗൂറുകളുടെ ദൈനംദിന ജീവിതത്തിൽ അതീവ പ്രാധാന്യമുള്ളതാണ്. ഇലകൾ, പൂക്കൾ, കായകൾ, ചിലപ്പോൾ തൊലി വരെ ഇവ ഭക്ഷണമാക്കുന്നു — പ്രത്യേകിച്ച് വരണ്ട കാലങ്ങളിൽ മറ്റ് വിഭവങ്ങൾ കുറയുമ്പോൾ വെക്കാലി വൃക്ഷം ഇവയുടെ അഭയകേന്ദ്രമാണ്.

സാദാരണ മന്തികളുടെ

അധികാരത്തിനുള്ള പോരാട്ടങ്ങൾ: ലംഗൂറുകൾക്കിടയിലെ ശിശുഹത്യയും സാമൂഹിക ശ്രേണികളും

വെക്കലി മന്തികൾക്കു ഹനുമാൻ കുരങ്ങുകളിൽ നിന്നും അല്പം രൂപ വിത്യാസങ്ങളുണ്ടെങ്കിലും സ്വഭാവത്തിൽ വലിയ മാറ്റങ്ങളില്ല. സാദാരണയായി 20-25 അംഗങ്ങളുള്ള കൂട്ടത്തെയാണ് കാണാറ്.

ചിലപ്പോൾ അതിൽ കൂടുതലും കണ്ടുവരാറുണ്ട്. നിലവിലുള്ള പഠനങ്ങളിലും നിരീക്ഷണങ്ങളിലും ഇവയുടെ കൂട്ടത്തിൽ ഒരു ആൺ കുരങ്ങേ ഉണ്ടാവു എന്ന് രേഖപ്പെടുത്തി കണ്ടിട്ടുണ്ട്. എന്നാൽ വെക്കാലി മന്തികൾക്കിടയിൽ, തലകുരങ്ങി (ആൽഫ) നോടൊപ്പം മറ്റു മുതിർന്ന ആൺകുരങ്ങുകളെയും ഞാൻ കണ്ടിട്ടുണ്ട്. 

തല കുരങ്ങു സാദാരണയായി മറ്റു ആൺകുരങ്ങുകളെ പെൺകുരങ്ങുകളുടെ കൂട്ടത്തിലേക്കു അടുപ്പിക്കാറില്ലെന്നാണ് പറയപ്പെടുന്നത്. ഈ തലകുരങ്ങു അധികാരത്തിലിരിക്കുമ്പോൾ പെൺകുരങ്ങുകളുടെ പൂർണ നിയത്രണം ഇയാൾക്കായിരിക്കും. പ്രായ പൂർത്തിയാകാത്ത എല്ലാ കുഞ്ഞുങ്ങളും ഇയാളിൽ നിന്നും ജനിച്ചതായിരിക്കും. പ്രായപൂർത്തിയിലേക്ക് എത്തുന്ന ആൺ കുരങ്ങുകൾ നേതാവിന്റെ ആക്രമം ഭയന്ന് ഓടി പോവുകയും ചെയ്യും. ഇവർ ശക്തരായി തീരുമ്പോൾ മറ്റു കൂട്ടങ്ങളിലേക്കു പോവുകയും തക്കം കിട്ടുമ്പോൾ നേതൃ സ്ഥാനത്തിനായി മത്സരിക്കുകയും ചെയ്യും. പ്രായപൂർത്തിയിലേക്ക് എത്തുന്ന പെൺകുരങ്ങുകൾ അമ്മമാരോടും അമ്മൂമ്മമാരോടുമൊപ്പം തലകുരങ്ങിന്റെ അന്തപുരത്തിൽ തന്നെ കഴിയും. 

 ഒരു തലകുരങ്ങിനു ഏതാണ്ട് 26-30 * മാസങ്ങളാണ് അധികാരത്തിൽ തുടരാനാവുക. അപ്പോഴേക്കും അയാൾ കഴിയുന്നത്ര കുഞ്ഞുങ്ങളെ ഉദ്പാദിപ്പിക്കുകയും, ഊർജ ശോഷണം സംഭവിക്കുകയും ചെയ്യും എന്ന് പറയപ്പെടുന്നു. ഈ സന്ദർഭം നോക്കി, തല കുരങ്ങാവാൻ തക്കം നോക്കിയിരിക്കുന്ന ആൺ കുരങ്ങുകൾ നിലവിലുള്ള തലകുരങ്ങിനെ ആക്രമിചു കീഴടക്കുകയും, പുതിയ നേതാവായി സ്വയം അവരോധിക്കുകയും ചെയ്യും. ഇത്തരം സന്ദര്ഭങ്ങളാണ് ഏറ്റവും ഭീതിജനകമാകുന്നത്. പുതിയ നേതാവിന്റെ ആദ്യ ശ്രമം ശിശുഹത്യയാണ്. മുലകുടിക്കുന്ന കുഞ്ഞുങ്ങളെ അമ്മമാരിൽ നിന്നും തട്ടിപ്പറിച്ചു കടിച്ചു കൊല്ലുകയാണ് ചെയ്യുന്നത്. ബാല്യം വിടാത്ത ആൺ കുഞ്ഞുങ്ങളെയും വെറുതെ വിടാറില്ല. ഇങ്ങിനെ ഒരു പുതിയ തലകുരങ്ങു അധികാരത്തിൽ എത്തുമ്പോൾ കൈ കുഞ്ഞുങ്ങൾ ഉള്ള പെൺകുരങ്ങുകൾ നേതാവിൽ നിന്നും ഓടി മാറുകയും കുഞ്ഞുങ്ങൾ അയാളുടെ പിടിയിൽ അകപ്പെടാതെ നോക്കുകയും ചെയ്യും. 

I. വെക്കാലി മാന്തികൾക്കിടയിലെ ശിശുഹത്യ- ഫീൽഡ് ഒബ്സെർവഷൻ.

വെക്കാലി മാന്തികൾക്കിടയിലെ ശിശുഹത്യ നേരിൽ കാണാൻ ഇടയായത് 2010 ഒക്ടോബര് മാസം 21നാണു. ചിന്നാറിലെ ‘കൂട്ടാർ’ വനമേഖലയിൽ വച്ചായിരുന്നു അത്. ഇവിടെ ചിന്നാർ വന്യജീവി സങ്കേതം തമിഴ്‌നാട്ടിലെ ആനമല കടുവ സങ്കേതത്തിലെ അമരാവതിയുമായി അതിർത്തി പങ്കിടുന്നു. ‘പാമ്പാർ’ പുഴയും, ‘ചിന്നാർ’ പുഴയും ചേർന്ന് അമരാവതി നദിയിലേക്കു തിരിയുന്ന ഭാഗമാണ് ഇത് 

ചിന്നാർ ചെക്പോസ്റ്റിനും കൂട്ടാറിനും ഇടയിൽ രണ്ടു കൂട്ടം വെക്കലിമാന്തികളെ സ്ഥിരമായി കാണാറുണ്ടായിരുന്നു. ഒരിക്കൽ കൂട്ടാർ -നിന്നും പാമ്പാറിന്റെ തീരം വഴി ‘അത്തിയോട കൂട്ടുവായ’ എന്ന പ്രദേശത്തേക്ക് നടക്കുകയായിരുന്നു. അത്തിയോട എന്ന അരുവി കേരളത്തെയും തമിഴ്നാടിനെയും അതിരു തിരിക്കുന്ന മറ്റൊരു പുഴയാണ്. ഇത് വന്നു പാമ്പാറിൽ ചേരുന്ന ഇടമാണ് അത്തിയോട കൂട്ടുവായ. ആറ്റുപക്കത്തുകൂടെ നടക്കുമ്പോൾ. ഒരുകൂട്ടം വെക്കാലി മാന്തികൾ കടുകുലുക്കി തലങ്ങും വിലങ്ങും ചാടിക്കൊണ്ടിരുന്നു. അവക്കിടയിൽ നിന്നും തലകുരങ്ങിന്റെ ഹുങ്കാര ശബ്ദവും, മറ്റുള്ളവയുടെ അപകട മുന്നറയിപ്പിന്റെ വിളികളും കേട്ടു. പെൺകുരങ്ങുകളുടെ കൂട്ടം വളരെ അസ്വസ്ഥരായിരുന്നു. മാറിൽ ഒട്ടിപിടിച്ചിരിക്കുന്ന കൈകുഞ്ഞുങ്ങളെയും കൊണ്ട് അമ്മമാരായ പെൺ കുരങ്ങുകൾ ഭയത്തോടെ ചില്ലകളിൽ നിന്നും ചില്ലകളിലേക്കു ചാടിക്കൊണ്ടിരുന്നു. അവയെല്ലാം തലകുരങ്ങിൽ നിന്നും ഏറെ അകാലത്തിലേക്കു ചാടി മാറാൻ ശ്രമിച്ചു. ഇതിനിടയിൽ കൈകുഞ്ഞുള്ള ഒരു പെൺകുരങ്ങിനെ പിടികൂടാൻ തലകുരങ്ങിനു കഴിഞ്ഞു. ഉടനെ കുഞ്ഞിനെ പിടികൂടിയ ആൺ കുരങ്ങു അതിനെ പല ആവർത്തി കടിച്ചു. അവയുടെ രോദനവും, ആൺ കുരങ്ങിന്റെ കോല വിളിയും, മറ്റുള്ളവയുടെ വിളികളും - 

 അന്തരീക്ഷം പെട്ടെന്ന് ഒരു ക്രൂരതയുടെ ചൂടിൽ നിറഞ്ഞിരുന്നു. ആ ചെറു ശരീരം ഞാൻ നിന്നിരുന്ന കാട്ടുവഴിയിലേക്ക് വീണു. ആ കുഞ്ഞിനെ രക്ഷിക്കാൻ അതിന്റെ 'അമ്മ ശ്രമിച്ചെങ്കിലും തലകുരങ്ങു ആ 'അമ്മ കുരങ്ങിനെ ആക്രമിച്ചുകൊണ്ടിരുന്നു. ഞാൻ,മുന്നിൽ വേദനയോടെ പിടയുന്ന കുരങ്ങു കുട്ടിയുടെ അടുത്തിരുന്നു. ആന്തരിക അവയവങ്ങൾ പുറത്തുകാണും വിധം അതിന്റെ വയറു പിളർന്നു പോയിരുന്നു. കൂട്ടർ ലോഗ് ഹൗസിനു അടുത്തായിട്ടാണ് സംഭവും നടന്നത്. അന്ന് രാത്രി അവിടെ കഴിയുവാനാണ് ഞാൻ തീരുമാനിച്ചിരുന്നത്. ഒരു തുണിയിൽ അതിനെ പൊതിഞ്ഞെടുത്തു ശ്രദ്ധയോടെ ഞാൻ ക്യാമ്പിനിൽ എത്തി. അതിനു അപ്പോഴും ജീവനുണ്ടായിരുന്നു. ഇടക്കിടെ പുറപ്പെടുവിക്കുന്ന ചെറു രോദനവും, ഭീതിയും വേദനയും നിറഞ്ഞ നനവാർന്ന കണ്ണുകളും എന്നെ വല്ലാതെ വേദനിപ്പിച്ചു. അധികം വൈകാതെ അതിനു ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 

Nilgiri langur male Severely attacks The infant

II. കരിങ്കുരങ്ങുകൾക്കിടയിലെ ശിശുഹത്യ - ഫീൽഡ് ഒബ്സെർവഷൻ

കരിങ്കുരങ് (ട്രാക്കിപിത്തേക്കസ് ജോണി) ഇടത്തരം വലിപ്പമുള്ള, മെലിഞ്ഞ, ലംഗൂർ വിഭാഗത്തിൽ പെട്ട ഒരു പ്രൈമേറ്റാണ്. ഇത് പൂർണമായും സസ്യാഹാരിയാണെങ്കിലും ഹനുമാൻ ലങ്കുരിനെപ്പോലെ വ്യത്യസ്ത സാഹചര്യങ്ങളുമായി പെട്ടെന്ന് പൊരുത്തപെടാറില്ല. പശ്ചിമ ഘട്ടത്തിലെ മഴവനകളുലും, ആർദ്രവനകളിലും, ചോല വനങ്ങളുമാണ് ഇവയുടെ വാസസ്ഥലം. വരണ്ട വനങ്ങളിൽ ഇത് ജീവിക്കുന്നില്ല. മഴവനകൾക്കും വരണ്ടവനകൾക്കുമിടയിലുള്ള ട്രാന്സിഷൻ സോണിൽ മഴക്കാലത്ത് കാണാറുണ്ടെങ്കിലും വരണ്ടു തുടങ്ങുമ്പോൾ അവ അവിടെനിന്നും പിൻവലിയറുണ്ട്. പശിമഘട്ടത്തിൽ മാത്രം കാണപെടുന്നവ ആയതിനാൽ ഇതിനെ നീലഗിരി ലങ്കുർ എന്ന് വിളിക്കുന്നു. 

നീലഗിരി ലങ്കുറിനെ നിരവധി വനങ്ങളിൽ നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ മുന്നാറിലെ ചോല വനങ്ങൾ, ടോപ്സ്ലിപ്പിലെ ട്രാന്സിഷൻ സോൺ, പറമ്പിക്കുളം,വാല്പാറ, ഷോലയർ, കോട്ടഗിരി എന്നിവിടങ്ങളിൽ ആണ് കൂടുതലും ഇവയെ നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളത്. പൊതുവെ മനുഷ്യ സാമീപ്യമുള്ള പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞു പോകുന്ന പ്രകൃതമാണ് ഇതിന്. എന്നാൽ ഒറ്റപെട്ടു ജീവിക്കുന്ന ആൺ കുരങ്ങുകൾ ടൂറിസം മേഖലയിൽ പരണ്ട് നടക്കുന്നത് (scavenging ) നിരീക്ഷിച്ചിട്ടുണ്ട്. സമ്പൂർണ ലംഗൂർ പ്രകൃതക്കാരനായ കരിങ്കുരങ്, ഏതാണ്ട് പൂർണമായും മരങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്

രോമാവൃതമായ ശരീരത്തിനു തിളങ്ങുന്ന കറുപ്പ് നിറമാണ്. എന്നാൽ ടോപ്സ്ലിപ് പോലുള്ള മഴവനകളുടെ ട്രാന്സിഷൻ സോണിൽ കാണപെടുന്നവയ്ക്ക് തവിട്ടു കലർന്ന കറുപ്പ് നിറമാണ് കണ്ടിട്ടുള്ളത്.. ഇത് ഭൗതിക പരിസ്ഥിതിക്കനുസരിച്ചു ഉണ്ടാകുന്ന വ്യതിയാനമാണ് എന്ന് കരുതുന്നു.. കാട്ടിയിട്ടുള്ളതും തിളക്കമുള്ളതുമായ ഈ രോമക്കുപ്പായം ഇവയെ തണുപ്പിൽ നിന്നും മഴയിൽ നിന്നും സംരക്ഷിക്കുന്നു. കൂടതെ ചോലകളിലെ ഇരുണ്ട മേലാപ്പിൽ ഒളിഞ്ഞിരുന്നു ശത്രുക്കളിൽ നിന്നും രക്ഷപ്പെടാനും സഹായിക്കുന്നു. തലയിലെ രോമങ്ങൾക്കു തവിട്ടു കലർന്ന തിളക്കമുള്ള വെളുപ്പ് നിറമാണ്. കുഞ്ഞുങ്ങളിൽ ഇത് ഏതാണ്ട് തവിട്ടുനിറമാണെന്നു തന്നെ പറയാം. വൃത്താകൃതിയിലുള്ള ഇരുണ്ട മുഖവും തുടയുടെ ഉൾഭാഗത്ത് (പ്രത്യേകിച്ച് പെൺകുരങ്ങുകളിൽ ) വെളുത്ത രോമ പാടും കാണാം. ലംഗൂർ വിഭാഗത്തിന്റെ പ്രധാന ലക്ഷണമായി നീണ്ട വാല് ഇതിനുമുണ്ട്. ഉയരമുള്ള വനമേലാപ്പിൽ ചാടി നടക്കുമ്പോൾ ശരീരത്തിനെ നിയത്രിക്കാൻ നീണ്ട വാല് ആവശ്യമാണ്. അതിശയകരമായാ വേഗതയിലും, ദൂരത്തേക്കും, ആഴത്തിലേക്കും ചാടാനും അഭ്യാസ പ്രകടനം നടത്താനും ഇവക്കു കഴിയും. എന്നാൽ വന പ്രതലത്തിലെത്തിയാൽ ഇവ ദുര്ബലരാവും. അതുകൊണ്ടു തന്നെ അപൂർവമായേ ഇവ ഭൂമിയിലേക്ക് ഇറങ്ങാറുള്ളു. 

കഴിഞ്ഞ കുറെ വര്ഷങ്ങളായി പാമ്പാടുംചോല നാഷണൽ പാർക്ക് അടിക്കടി സന്ദര്ശിക്കാനാവുന്നതിനാൽ ഇവയെ നിരന്തരം നിരീക്ഷിക്കാൻ കഴിയുന്നുണ്ട്. ചോലകളുടെ പുനരുദ്ധാരണ പ്രക്രിയ തുടങ്ങിയതില്പിന്നെ ഈ ഭാഗത്തു കരിങ്കുരങ്ങുകളുടെ സാന്നിധ്യം വർധിക്കുകയും, പുതിയ കൂട്ടങ്ങൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. കൂട്ടത്തിൽ നിന്നും പുറത്താക്കപ്പെടുന്ന ആൺ കുരങ്ങുകൾ അസ്വസ്ഥരായി ചുറ്റിത്തിരിയുന്നതും കാണാനാവും. 

2025 നവംബർ മാസം 30 നു ആണ് കരിങ്കുരങ്ങുകൾക്കിടയിലെ ശിശുഹത്യ കാണുവാൻ ഇടയായത്. അമേരിക്കൻ ബിയോളജിസ്റ്റും, പാലിയോ സൂവോളജിസ്റ്റുമായ പ്രൊഫസർ ചാൾസ് വുഡ്സും, അദ്ദേത്തിന്റെ ഭാര്യ മിസ്സിയും പാമ്പാടുംചോല നാഷണൽ പാർക്കിലെ വാച്ചർ ഉപേന്ദ്രനും ഒപ്പമുണ്ടായിരുന്നു. പഴയ മൂന്നാർ കൊടൈക്കനാൽ പാതയിലൂടെ നടന്നാൽ ചോലയുടെ പടിഞ്ഞാറേ ചരുവിലെ മേലാപ്പുകാണാം. കണ്ണോപ്പം ചോലയുടെ മേലാപ്പ് കാണുകയെന്ന അപൂർവ സന്ദര്ഭമാണത്. ചോലയെ പകുത്തു പോകുന്ന വഴിക്കു കുറുകെ നിരവധി വഴിച്ചാലുകൾ കാണാം. മ്ലാവും, കാട്ടുപോത്തും, ചെങ്കീരിയും, തേനിളിഞ്ചനും (Nilgiri marten ) തുടങ്ങി, വല്ലപ്പോഴും വന്നു പോകുന്ന കടുവയും കടന്നുപോകുന്ന വഴികളാണവ. ചോലയിലെ സ്ഥിരം അന്തേവാസികളായ ചില പക്ഷി ഇനങ്ങളെ നിരീക്ഷിക്കുകയായിരുന്നു പ്രധാന ലക്‌ഷ്യം. Black-and-orange Flycatcher, Nilgiri blackbird, Palani laughing thrush, nilgiri flycatcher, nilgiri wood pegion തുടങ്ങിയ ചില പക്ഷികൾ ലിസ്റിലുണ്ടായിരുന്നു. കൂടാതെ ലോകത്തിലെ ഏറ്റവും ചെറിയ അണ്ണൻ എന്ന് വിശേഷിപ്പിക്കാവുന്ന Dusky striped squirrel ഉൾപ്പടെ ചില ചെറു മൃഗങ്ങളെയും ലക്‌ഷ്യം വച്ചിരുന്നു. ഇവയെല്ലാം തന്നെ മേലാപ്പിന്റെ താഴെ തട്ടിലെ നിവാസികൾ ആയിരുന്നതിനാൽ അവയെ നോക്കിയാണ് ഞങ്ങൾ നീങ്ങിയിരുന്നത്. നിരത്തിനു ഒപ്പം വളർന്നു നിൽക്കുന്ന കടമാങ്കുറുഞ്ഞികൾക്കും പടർപ്പലുകൾക്കും മുകളിലായി കരിങ്കുരങ്ങുകൾ ഇരിക്കുന്നുണ്ടായിരുന്നു. പെൺകുരങ്ങുകളുടെ ഒരു കൂട്ടമായിരുന്നു അത്. കൈകുഞ്ഞുങ്ങൾ ഉള്ള അമ്മമാർ തളിരിലകൾ പറിച്ചു തിന്നുകയും സ്വയം പറിച്ചുതിന്നാൻ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പിച്ചവച്ചു തുടങ്ങിയ കുഞ്ഞുങ്ങൾ അമ്മമാരിൽ നിന്നും താഴെയിറങ്ങി പടർപ്പലുകൾക്കു മുകളിൽ നടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ചിലരാകട്ടെ തളിരിലകൾ പറിച്ചു രസിക്കുന്നു. ഞങ്ങളുടെ സാമിപ്യം മനസിലാക്കിയ അമ്മമാർ കുഞ്ഞുങ്ങളെ മാറിലേക്ക് വലിച്ചടുപ്പിച്ചു അൽപനേരം അനങ്ങാതിരുന്നു. ഞങ്ങളും നിശ്ചേഷ്ടരായി അവരെ നിരീക്ഷിച്ചു. അപകടം ഇല്ലന്ന് മനസിലാക്കിയതിനാലാവണം അവ വീണ്ടും പഴയപടി ഇലകൾ കഴിക്കാൻ തുടങ്ങി. കുഞ്ഞുങ്ങൾ അമ്മമാരുടെ നെഞ്ചു വിട്ടു പുറം ചാടി. രസകരമായ ആ രംഗം കണ്ടുകൊണ്ടു നിന്നപ്പോൾ കിഴക്കുവശത്തെ ചോലയിൽ നിന്നും വലിയൊരു ആൺ കുരങ്ങു അവർക്കിടയിലേക്ക് ചാടി. അപകടം മണത്ത പെൺകുരങ്ങുകൾ മരമേലാപ്പിലേക്കു ചാടി കയറി. അമ്മമാർ അതിവേഗം കുഞ്ഞുങ്ങളെ കൈക്കലാക്കി ചാടാൻ തുടങ്ങി. നിര്ഭാഗ്യവാനായ ഒരു കുഞ്ഞു അമ്മയുടെ കൈയ്യെത്തും ദൂരത്തുനിന്നും അല്പം അകാലത്തായി പോയി. അതിനെ വാരിയെടുത്തു രക്ഷപെടാൻ 'അമ്മ ശ്രമിച്ചെങ്കിലും അതിനു മുൻപേ ആൺ കുരങ്ങു അതിനെ കൈക്കലാക്കി. അതിനെ പലയാവർത്തി താങ്ങും വിലങ്ങു കടിച്ചു. വേദനയിൽ ഒന്ന് പിടയുകമാത്രം ചെയ്ത കുഞ്ഞിനെ ഒന്നുകൂടെ കടിച്ചു താഴേക്കിട്ടു. ആൺ കുരങ്ങിന്റെ കൊലവിളിയും പെൺകുരങ്ങുകളുടെ രോദനവും പെട്ടന്ന് നിലക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം കാട് പഴയതുപോലെ ശാന്തത വീണ്ടെടുത്തു. വനപ്രതലത്തിലേക്കു ഇറങ്ങി താഴെവീണ കുഞ്ഞിന് എന്ത് സംഭവിച്ചു എന്ന് നോക്കുവാൻ കഴിഞ്ഞില്ല. വനപ്രതലം അത്രയ്ക്ക് ആഴമുള്ളം, അടിക്കാടുകൾ നിറഞ്ഞതുമായിരുന്നു. കുഞ്ഞിനെ കൊന്ന ആൺ കുരങ്ങ്‌ പുതിയ ആൽഫ ആണന്നു വിശ്വസിക്കാം. കാരണം അവന്റെ ആക്രമണം ഉണ്ടായപ്പോൾ മറ്റൊരു ആൺ കുരങ്ങും അവിടേക്കു വന്നില്ല. നിലവിലുള്ള ആൽഫ ആണെങ്കിൽ സ്വന്തം കുഞ്ഞിനെ കൊല്ലുന്നതിനുള്ള സാധ്യത വളരെ കുറവാണ്. തന്നെയുമല്ല നിലവിൽ അംഗീകരിക്കപ്പെട്ട ആൽഫയാണെങ്കിൽ പെൺകുരങ്ങുകൾ അവനെ ഭയപ്പെടുമായിരുന്നില്ല. ഈ കാരണങ്ങൾ കൊണ്ട് ശിശുഹത്യ ചെയ്ത ആൺ കുരങ്ങു പുതുതായി കൂട്ടത്തെ നയിക്കുവാൻ വന്ന അൽഫയാണെന്നു കരുതാം. ഈ സന്ദർഭം വേദന ജനകമായിരുന്നു എങ്കിലും, എല്ലാം ക്യാമെറയിൽ പകർത്തുവാനും കഴിഞ്ഞു. 

നമ്മുടെ കാട്ടിലെ വെള്ളകുരങ്ങും, അപൂർവ ഇനമായ സിംഹവാലൻ കുരങ്ങും മക്കാക് വിഭാഗത്തിൽ പെട്ട രണ്ടിനം കുരങ്ങുകളാണ്. ഇവയെ ദീർഘകാലം നിരീക്ഷിച്ചിട്ടുണ്ടെങ്കിലും ശിശുഹത്യ കാണാനായിട്ടില്ല. മാത്രവുമല്ല വിവിധ പ്രായത്തിലുള്ള ആൺ കുരങ്ങുകൾ ആൽഫ യോടെയൊപ്പം കൂട്ടത്തിൽ കണ്ടുവരാറുണ്ട്

എന്നാൽ ശിശുഹത്യ ലംഗൂർ കുരങ്ങുകൾക്കിടയിൽ സാധാരണമാണ് എന്ന് പറയപ്പെടുന്നു. 

 Nilgiri langur (Semnopithecus johnii)

ശിശുഹത്യയുടെ പാറ്റേണുകളും പരിണാമ പ്രേരകങ്ങളും

ലംഗൂരുകൾക്കിടയിൽ പുതിയ നേതാവ് പഴയ കൂട്ടത്തിലെ ആൺ കുരങ്ങുകളെ പുറത്താക്കുന്നതിന്റെയും ശിശുഹത്യ ചെയ്യുന്നതിന്റെയും പിന്നിലെ പ്രകൃതിനിയമത്തിന്റെ സാധുത പരിശോധിക്കുമ്പോൾ ഇത് ഇൻബ്രീഡിംഗ് (രക്തബന്ധമുള്ളവർ തമ്മിലുള്ള പ്രജനനം) തടയുന്നതിനാണെന്നു മനസിലാക്കാം. രക്തബന്ധമുള്ളവർ തമ്മിലുള്ള പ്രജനനം നിരവധി ജനിതക ജന്യമായ രോഗങ്ങൾക്കും അതുവഴി വംശ നാശത്തിനും ഇടയാക്കും. ഇതിനെ നിയന്ത്രിക്കുക എന്ന കർത്തവ്യമാണ് ഈ ദ്വന്ദയുദ്ധത്തിലൂടെയും, ശിശുഹത്യയിലൂടെയും, ഒളിച്ചോട്ടത്തിലൂടെയും, പ്രകൃതി നിർവഹിക്കുന്നത്. 

പുതിയ നേതാവ് സ്ഥാനമേൽക്കുമ്പോൾ പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്ത മൂന്നു ആ സമൂഹത്തിന്റെ നിലനിൽപ്പിനു ആധാരമായ പ്രതിഭാസങ്ങൾ സംഭവിക്കുന്നുണ്ട്. 

ഒന്ന് - പുതിയ തലവൻ മറ്റ് ഏതെങ്കിലും വിദൂര ഗണത്തിൽനിന്നും (distant troop) വന്നവൻ ആയിരിക്കും. അതുകൊണ്ടു കൂട്ടത്തിലെ പെൺ കുരങ്ങുകളുമായി ഇയാൾക്ക് രക്തബന്ധം ഉണ്ടാവില്ല. അതിനാൽ പ്രകൃതി നിയമ പ്രകാരം നോക്കുമ്പോൾ പ്രജനനം ആരോഗ്യകരമായിരിക്കും. 

രണ്ടു - പുതിയ തലവൻ നേതൃത്തത്തിലെത്തുമ്പോൾ പ്രായപൂർത്തിയാകാത്തതും എന്നാൽ സ്വയം ജീവിക്കാൻ പ്രാപ്‌തി ആയതുമായ ആൺ കുരങ്ങുകൾ കൂട്ടം വിട്ടു പോകും. ഏറെ നാളത്തെ അലച്ചിലിനു ശേഷം അവ മറ്റു ഗണങ്ങളിൽ സ്ഥാനം ഉറപ്പിക്കുകയും അവിടെ സ്വന്തം ജീൻ ഇടകലർത്തുകയും ചെയ്യും. ഇതും ആരോഗ്യകരമായ പ്രജനനമാണ്‌. 

മൂന്നാമതായി പുതിയ നേതാവ് ശിശു ഹത്യ ചെയ്യുന്നത്, കൈകുഞ്ഞുങ്ങളുള്ള പെൺ കുരങ്ങുകളെ ഇണചേരാൻ തയ്യാറാക്കുക എന്ന ഉദ്ദേശത്തോടെ ആണ്. അതിലൂടെ പുറമെ നിന്നും വന്ന അയാളുടെ ജീൻ പുതിയ കൂട്ടത്തിൽ കൈമാറാനും, കിട്ടുന്ന സമയ പരിധിക്കുള്ളിൽ നിന്നും കഴിയുന്നത്ര സ്വന്തം കുഞ്ഞുങ്ങളെ സൃഷ്ടിക്കാനും, വൈവിദ്ധ്യമാർന്ന ജനിതക കണികകളാൽ വംശത്തെ ആരോഗ്യകരമാക്കി നിർത്താനും ഇടയാക്കുന്നു.

ശിശുഹത്യയുടെ ശ്രദ്ധേയമായ പൊതു സ്വഭാവും എന്ന് പറയുന്നത് ലൈംഗികമായി തിരഞ്ഞെടുത്ത ശിശുഹത്യയാണ്, ഇവിടെ പ്രായപൂർത്തിയായ പുരുഷന്മാർ സ്ത്രീയുടെ പ്രത്യുത്പാദന ചക്രം വേഗത്തിലാക്കാൻ ബന്ധമില്ലാത്ത കുഞ്ഞുങ്ങളെ കൊല്ലുകയും അതുവഴി അവരുടെ സ്വന്തം ജനിതക പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. ഈ പ്രതിഭാസം സസ്തനികളിലാണ് കൂടുതലായി രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും, ചില പക്ഷി ഇനങ്ങളിലും ഇത് സംഭവിക്കാം.സിംഹം ഉൾപ്പെടെയുള്ള പൂച്ച വർഗങ്ങളിൽ ഇത് വളരെ പ്രകടമാണ്. നാട്ടു കഥകളിൽ ആൺ മൃഗങ്ങൾ തിരഞ്ഞെടുത്തു കൊല്ലുന്നതു ആൺ കുഞ്ഞുങ്ങളെ ആയിരിക്കും എന്ന ഒരു പൊതു ധാരണയുണ്ട്. എന്നാൽ ഇതിനു വേണ്ടത്ര ശാസ്ത്രീയ പിൻബലമില്ല. 

ശിശുഹത്യയിലൂടെ സാമൂഹിക ഘടനകളെ രൂപപ്പെടുത്തുന്ന പരിണാമപരമായ ചില പ്രതിഭാസങ്ങൾ സംഭവിക്കുന്നുണ്ട്. ഇത് ജീവിവർഗങ്ങളിലെ ഒരു സമൂഹത്തിനിടയിൽ പരസ്പരാശ്രിതമായ സംരക്ഷണ ബന്ധങ്ങൾ വളർത്തുകയും പുതിയ സാമൂഹിക ക്രമം ഉരുത്തിരിയാൻ ഇടയാക്കുകയും ചെയ്യും. 

ബെന്നി കുറിയൻ

photos: Benny kurian

Beneath the Green Silence: A Naturalist’s Witness to Infanticide among two species of langur- Benny kurian ~ குருகு

ബെന്നി കുറിയൻ

ബെന്നി കുറിയൻ — പശ്ചിമ ഘട്ടത്തിലും ദക്ഷിണേന്ത്യയിലുമായി ഇരുപത് വർഷത്തിലേറെയായി പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗവേഷകനും പരിശീലകനുമാണ്. 1999 മുതൽ പശ്ചിമ ഘട്ടത്തിലെ 

അന്താരാഷ്ട്ര പഠന ഗ്രൂപ്പുകൾക്കായി പ്രകൃതി–പുരാവസ്തു പഠന യാത്രകൾ നടത്തി വരുന്നു. IGNCAയുടെ ശിലാചിത്ര പഠന പാനലിൽ വിദഗ്ധനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊങ്കൺ ജിയോഗ്ലിഫ് ( geoglyph) പഠനങ്ങളിലും, ജീവവൈവിധ്യവും പുരാവസ്തുശാസ്ത്രവും സംബന്ധിച്ച വിവിധ സ്ഥാപനങ്ങൾക്ക് പരിശീലനം നൽകുന്നതിനും അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു.

അദ്ദേഹത്തിൻ്റെ രണ്ട് പ്രധാന സംഭാവനകൾ: മറയൂർ ഗ്രാമപഞ്ചായത്തിന്റെ പുരാവസ്തു സർവേ തയ്യാറാക്കിയത്, ആനമലൈ താഴ്വരയിൽ അതുവരെ രേഖപ്പെടുത്തപ്പെടുത്താത്ത ആറു പുതിയ ശിലാചിത്ര കേന്ദ്രങ്ങൾ കണ്ടെത്തിയത്. അനമലൈ മലപ്പാതത്തിലെ പാം സിവറ്റിന്റെ (palm civet) ഒരു പുതിയ വർഗ്ഗം അദ്ദേഹം രേഖപ്പെടുത്തി. 2023-ൽ വന്യജീവി വ്യാഖ്യാന–വൈവിധ്യ ശ്രേണിയിൽ TOF Tigers “മികച്ച നാച്ചുറലിസ്റ്റ് ഗൈഡ്” അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.

പ്രകൃതിയിലെ ജീവവൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബെന്നി രണ്ട് ബാലസാഹിത്യകൃതികൾ രചിച്ചിട്ടുണ്ട്. ഇങ്കിനെയും ചില കൂട്ടുകാർ (2008), പശ്ചിമഘട്ടത്തിന്റെ ജൈവ വൈവിധ്യം (2008) എന്നീ രണ്ട് പുസ്തകങ്ങളും ഡി.സി. ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.